അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും വില്‍പനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന നിയമം (പെറ്റ്ഷോപ് റൂള്‍ ആൻഡ് ഡോഗ് ബ്രൂഡിങ് റൂള്‍) നവംബറില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ ആശങ്കയോടെ വില്‍പനശാല ഉടമകള്‍. 2016 ഡിസംബറിലെ, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കേന്ദ്രനിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ 3000ത്തോളം വളര്‍ത്തുമൃഗ -പക്ഷികളുടെ വില്‍പനകേന്ദ്രങ്ങളില്‍ വിരലിലെണ്ണാവുന്നവക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ.

മാത്രമല്ല, വളര്‍ത്തുമൃഗങ്ങളുടെ വില ഇരട്ടിയിലധികമാകുകയും ചെയ്യും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ വലിയ സൂപ്പര്‍ മാര്‍ക്കറ്റ് വലുപ്പത്തിലുള്ള കടമുറികളിലുള്ള വില്‍പന മാത്രമേ അവശേഷിക്കൂവെന്നിരിക്കേ ആയിരക്കണക്ക് പേരുടെ ഉപജീവനം പ്രതിസന്ധിയിലാകും. ഇതു സംബന്ധിച്ച കേന്ദ്രനിയമം പ്രാബല്യത്തില്‍ വന്നെങ്കിലും കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിരുന്നില്ല. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസൻസും പേവിഷ പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കുന്നതിന് പുറമെ കേന്ദ്രം കൂട്ടിച്ചേര്‍ത്ത ചില നിബന്ധനകളാണ് ചെറുകിട വില്‍പന കേന്ദ്രങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പട്ടിക്കുട്ടിയെ പാര്‍പ്പിക്കുന്ന ഇരുമ്ബുകൂടിന് 24 ചതുരശ്രയടി വേണമെന്നാണ് പുതിയ നിര്‍ദേശം. മുയല്‍ക്കൂടിന് 36 ഇഞ്ചും വേണം. ആകെ 100ഉം 150ഉം ചതുരശ്ര അടിയില്‍ ഒരുക്കുന്ന ഭൂരിഭാഗം വില്‍പനശാലകള്‍ക്ക് മരണമണിയാകും ഈ നിബന്ധനകള്‍. നിശ്ചിത ഇടവേളകളില്‍ വെറ്ററിനറി ഡോക്ടര്‍ പരിശോധന നടത്തി കടയുടമക്ക് സാക്ഷ്യപത്രം നല്‍കണം. മൃഗസംരക്ഷണ വകുപ്പിന് പുറമെ സൊസൈറ്റി ഫോര്‍ ദ പ്രിവൻഷൻ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് (എസ്.പി.സി.എ) എന്ന സംഘടനക്കും വില്‍പനശാലകളില്‍ പരിശോധന നടത്താൻ അധികാരം നല്‍കിയിട്ടുണ്ട്.

രണ്ടു മാസത്തില്‍ കൂടുതല്‍ വളര്‍ത്തുമൃഗങ്ങള്‍ കടകളില്‍ ചെലവാകാതെ ഇരുന്നാല്‍ മൃഗ -പക്ഷി പരിപാലന കേന്ദ്രങ്ങളിലേക്ക് സൗജന്യമായി വളര്‍ത്താൻ നല്‍കണം. വില്‍പനകേന്ദ്രത്തില്‍ 24 മണിക്കൂറും പക്ഷിമൃഗാദികളെ പരിപാലിക്കാൻ ജീവനക്കാര്‍ വേണം. കടയുടമ തങ്ങള്‍ വാങ്ങിയ ഫാമുകളുടെയോ ഉല്‍പാദന കേന്ദ്രങ്ങളുടെയോ ഫോണ്‍നമ്ബര്‍ മൃഗങ്ങളെ ഏറ്റുവാങ്ങുന്നവര്‍ക്ക് കൈമാറണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നിയമത്തിലുണ്ട്. ഇതോടെ കച്ചവടം നഷ്ടമാകുമെന്നാണ് വില്‍പനക്കാരുടെ ആശങ്ക.

പക്ഷി-മൃഗാദികളെ വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തി നല്‍കുന്നവര്‍ക്ക് ഇനി മുതല്‍ ലൈസൻസ് വേണ്ടിവരും. 5000 രൂപയാണ് ലൈസൻസ് ഫീസ്. നിയമപ്രകാരമുള്ള സ്ഥലപരിധികളും മാനദണ്ഡങ്ങളും പരിഗണിക്കുമ്ബോള്‍ കേരളത്തിലെ നിലവിലെ വളര്‍ത്തുമൃഗ വില്‍പനകേന്ദ്രങ്ങള്‍ കാര്യമായി ഒന്നും ശേഷിക്കില്ലെന്ന് അക്വാറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് കണ്ണൂര്‍ പറഞ്ഞു. വ്യാപാര കേന്ദ്രങ്ങള്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിന് മുമ്ബ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പെറ്റ്ഷോപ് കടയുടമകളോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക