ക്‌നാനയ സഭയില്‍പെട്ടൊരാള്‍ക്ക് മറ്റു സഭയില്‍ നിന്നും വിവാഹം ചെയ്യാനുള്ള വിലക്ക് നീക്കി കോട്ടയം അതിരൂപത. സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്നാനയ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. കാസര്‍ഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു രൂപതയില്‍ നിന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായാണ് വിവാഹ നിശ്ചയം കഴിഞ്ഞത്.

തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍ വെച്ച്‌ ഇന്ന് ജസ്റ്റിന്റേയും വിജിമോളുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്. മറ്റ് സഭയില്‍ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്ടപ്പെടുമെന്നാണ് വിശ്വാസം. ഇതിനാല്‍ ഇത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ സഭയ്ക്ക് പുറത്തപോകണമെന്നായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നിയമപോരാട്ടത്തിനിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1989ലായിരുന്നു ബിജു വിവാഹതിനായത്. ദമ്ബതികള്‍ ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ വിവാഹ കുറിക്കായി സഭാധികാരികളെ സമീപിച്ചപോള്‍ രക്ത ശുദ്ധിയുടെ വാദം ഉന്നയിച്ചുകൊണ്ട് കുറി നിഷേധിക്കുകയായിരുന്നു. ബിജുവിന്റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്ക്ക് രക്ത ശുദ്ധിയില്ലെന്ന് പറഞ്ഞായിരുന്നു കുറി നിഷേധിച്ചത്. ഇതിനെതിരെ നീണ്ട പോരാട്ടമാണ് നടന്നത്. 35 വര്‍ഷത്തെ പോരാട്ടത്തില്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവര്‍ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു. സഭയിലെ ഭ്രഷ്ട് ഭയപ്പെട്ട് വിവാഹം കഴിക്കാത്തവരുമുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് കെസിഎന്‍എസ് വിജയം നേടിയത്.

കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ 2021 ഏപ്രില്‍ 30-ന് കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചതിന് കോട്ടയം ആര്‍ച്ച്‌പാര്‍ക്കി അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് സ്ഥിരമായ നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പും ആര്‍ച്ച്‌പാര്‍ക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച്‌ 10 ന് ജസ്റ്റിസ് എം ആര്‍ അനിതയുടെ സിംഗിള്‍ ബെഞ്ച് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നുവെങ്കിലും ബിഷപ്പിന്റെ ആശങ്കകള്‍ ബെഞ്ച് കേട്ടിരുന്നു.

ഇടക്കാല ക്രമീകരണം അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതനുസരിച്ച്‌ കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പിനോടോ ആര്‍ച്ച്‌പാര്‍ക്കിയോടോ ‘വിവാഹ കുറി’യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. അഭ്യര്‍ത്ഥന ലഭിച്ചാല്‍ കോട്ടയം ആര്‍ച്ച്‌പാര്‍ക്കിയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹകുറിയോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നല്‍കണം. ഇതോടെ ഏപ്രില്‍ 14 ന് ജസ്റ്റിന് വിവാഹകുറി നല്‍കാന്‍ അതിരൂപത നിര്‍ബന്ധിതരാവുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക