കൊണ്ടോട്ടി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കണ്ണൂരില്‍ നിന്നുള്ള അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും തടയാന്‍ ടിപ്പറുമായി എത്തിയ താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കൂടത്തായി കുടുക്കിലംമാരം കുന്നംവള്ളി ചുടലമുക്ക് ശിഹാബിനെയാണ്(37) കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തില്‍ നിന്നും പിടികൂടിയത്.


കണ്ണൂരില്‍ നിന്നെത്തിയ അര്‍ജുന്‍ ആയങ്കിയുടെ വാഹനത്തെ ടിപ്പര്‍ ലോറി ഉപയോഗിച്ച്‌ തടയാന്‍ താമരശ്ശേരി സംഘത്തില്‍ നിന്നും ക്വട്ടേഷന്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കരിപ്പൂരിലെത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. അര്‍ജുന്‍ ആയങ്കി ഹെഡ് ലൈറ്റ് ഓഫാക്കി വേഗത്തില്‍ പോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വാഹനത്തെ പിന്തുടര്‍ന്ന് പോയ ചെര്‍പ്പുളശ്ശേരി സംഘത്തില്‍ ഉള്‍പ്പെട്ട വാഹനമാണ് രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ മരിച്ചു.

ടിപ്പര്‍ വയനാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞദിവസം കൂടത്തായിയില്‍ വച്ച്‌ പിടികൂടിയിരുന്നു. താമരശ്ശേരി സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനങ്ങളെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായം ചെയ്തു വരുന്നവരേയും നിരീക്ഷിച്ചു വരികയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക