കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജ്ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവെെഎഫ്‌ഐയുമായുളള പോര് മുറുകുന്നു. മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജനെ മാത്രം പുകഴ്ത്തുകയും മറ്റുള്ള നേതാക്കളെ ഇകഴ്ത്തുകയും ചെയ്യുന്നതിലൂടെ ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും പാര്‍ട്ടി ബോധ്യമില്ലാത്തവരാണെന്ന് വ്യക്തമാണെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. പി ജയരാജന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത ലഭിക്കാന്‍ വേണ്ടിയാണ്. ഇരുവരെയും പി ജയരാജന്‍ തളളി പറഞ്ഞതാണെന്നും മനു തോമസ് പ്രതികരിച്ചു.

”എല്ലാം തുറന്നു പറയും എന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐയെ വിരട്ടാന്‍ നോക്കാതെ പറയാനുള്ളത് തുറന്ന് പറയണം. ബ്ലാക് മെയില്‍ ചെയ്തിട്ട് പിന്നില്‍ തലയൊളിപ്പിച്ച്‌ നില്‍ക്കുന്ന പ്രസ്ഥാനമല്ല ഡിവൈഎഫ്‌ഐ. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാനായാണ് പി ജയരാജനെ പുകഴ്ത്തുന്നത്. പി ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്”എന്നും മനു ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മനു തോമസിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”സോഷ്യല്‍ മീഡിയയിലെ സ്വയം പ്രഖ്യാപിത വിപ്ലവകാരികളാണ് ഇരുവരും. ഇവരെഴുതുന്ന കാര്യങ്ങളാണ് പ്രധാനപ്പെട്ടതെന്ന് സ്വയം കരുതുകയാണ്. ഇതെല്ലാം മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കുന്നതാവും. അല്ലാതെ വരാന്‍ വഴിയില്ല. സാമൂഹ്യവിരുദ്ധ സംഘടനകള്‍ക്കെല്ലാം പരസ്പര ബന്ധമുണ്ടാകും. ഇരുവരും അതില്‍ കണ്ണികളാണെന്നത് ഉറപ്പാണ്. ആര്‍എസ്‌എസ് ക്രിമില്‍ സംഘങ്ങളുമായും ബന്ധമുള്ള കൊടും കുറ്റവാളികളാണ് ഇരുവരും”, എന്നും പിഎം ജില്ലാ കമ്മറ്റി അംഗം കൂടിയായ മനു തോമസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അ‍ര്‍ജ്ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്ബോള്‍ പ്രതികരിക്കാന്‍ താന്‍ നിര്‍ബന്ധിതനായേക്കുമെന്നും അതിന് പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടി വരുമെന്നുമായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ മുന്നറിയിപ്പ്. അനാവശ്യകാര്യങ്ങള്‍ക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അതാര്‍ക്കും ഗുണം ചെയ്യുകയില്ലെന്നും അര്‍ജുന്‍ ആയങ്കി കുറിപ്പില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക