കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കുരുക്ക് മുറുക്കി കസ്റ്റംസ്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 4 ദിവസം ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വിട്ട് നല്‍കണം എന്നാണ് ആവശ്യം. അര്‍ജുന്‍ ആയങ്കിയും ഷാഫിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇരുവരും ചേര്‍ന്ന് നടത്തിയ സ്വര്‍ണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടേണ്ടതിന്റെ ആവശ്യം കസ്റ്റംസ് എണ്ണിയെണ്ണി പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണത്തില്‍ സുപ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച്‌ അര്‍ജുന്‍ പല കാര്യങ്ങളാണ് പറയുന്നത്.

ഇയാള്‍ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു. കരിപ്പൂര്‍ കേന്ദ്രീകരിച്ച സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അര്‍ജുന്‍ ആയങ്കി. ഒന്നാം പ്രതിയും സ്വര്‍ണ്ണം കൊണ്ടുവന്ന മുഹമ്മദ് ഷെഫീഖിന്റെ ഫോണില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ട്.

ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാള്‍ക്ക് പല രീതില്‍ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു.
തിങ്കളാഴ്ച ഷാഫിയെയും കണ്ണൂര്‍ സംഘത്തിലെ യുസഫിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഈ ദിവസം തന്നെ അര്‍ജുനെയും കസ്റ്റഡിയില്‍ എത്തിക്കാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ മൂന്നാം സംഘത്തിലെ യൂസഫിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും. കേസില്‍ അറസ്റ്റിലായ ഷെഫീക്ക് ഇയാള്‍ക്കാണ് സ്വര്‍ണം കൈമാറാനിരുന്നത്. അര്‍ജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂര്‍ സ്വദേശി യൂസഫിന്റെ സംഘം എത്തിയത്. അര്‍ജുന്‍ ആയങ്കിയുടെ പഴയ കൂട്ടാളി ആയിരുന്നു യുസഫ്.

അര്‍ജുനേയും മുഹമ്മദ് ഷഫീഖിനെയും ചോദ്യം ചെയ്തതില്‍ നിന്നും ആണ് യൂസഫിന്റെ സംഘത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണ്ണം ഷെഫീക്കില്‍ നിന്നും വാങ്ങാന്‍ മറ്റൊരു വഴിയില്‍ കരിപ്പൂര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നും മറ്റു സംഘങ്ങളില്‍ നിന്നും സംരക്ഷണം നല്കാമെന്ന് അര്‍ജുന്‍ ഉറപ്പു നല്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക