ട്വന്റി-ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആംആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന. കഴിഞ്ഞ വര്‍ഷം ട്വന്റി 20 യുടെ തട്ടകമായ കിഴക്കമ്ബലത്തുനടന്ന ‘ജനസംഗമ’ത്തില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും ചേര്‍ന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചിരുന്നു. കേരളം പിടിക്കുകയാണ് ജനക്ഷേമ സഖ്യത്തിന്റെ ലക്ഷ്യമെന്നു കെജ്രിവാള്‍ അന്ന് വ്യക്തമാക്കിയിരുന്നു.

ആംആദ്മി ഡല്‍ഹി സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ജനുവരി 26 മുതല്‍ 29 വരെയായിരുന്നു സന്ദര്‍ശനം. പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. സാബു എം ജേക്കബിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് എഎപിയിലെ ഭൂരിപക്ഷാഭിപ്രായമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനുവരി 23 ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പിരിച്ചുവിട്ടിരുന്നു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പതക് അറിയിച്ചിരുന്നു.

ജനുവരി ആദ്യ പകുതുയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ആം ആദ്മി ഉന്നതതല യോഗത്തില്‍ കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സജീവമാകണമെന്ന് തീരുമാനിച്ചിരുന്നു. അതിനു മുന്‍പായി താഴെതട്ട് മുതല്‍ സംഘടനയെ പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കൂടുതല്‍ യുവാക്കളെയും പിന്നോക്ക വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ പുനസംഘടന നടപ്പാക്കാനായിരുന്നു പദ്ധതി.

അതേസമയം തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രചാരണ രീതിക്കെതിരെ സാബു എം ജേക്കബ് രംഗത്ത് വന്നിരുന്നു. ഉത്തരേന്ത്യയിലെ പ്രചാരണ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി രൂക്ഷമായ ആയുധങ്ങള്‍ പുറത്തെടുക്കുന്ന ചിന്താഗതിക്കെതിരാണ് ട്വന്റി 20 എന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതോടെ കേരളത്തിലെ ബദല്‍ മുന്നണിയെന്നു ചൂണ്ടിക്കാട്ടി ട്വന്റി 20 യും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്നു പ്രഖ്യാപിച്ച ജനക്ഷേമ സഖ്യത്തിന്റെ ഭാവി തുലാസിലായി എന്ന് കരുതിയിരിക്കുമ്ബോഴാണ് പുതിയ സൂചനകള്‍ പുറത്ത് വരുന്നത്.

“തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എത്ര രൂക്ഷമായ ആയുധങ്ങള്‍ പുറത്തെടുക്കാനും രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുകയാണ്. എന്നാല്‍ ട്വന്‍്റി 20 ഇത്തരം ചിന്താഗതിക്കെതിരാണ്. കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല. മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല”- എന്നായിരുന്നു അന്ന് സാബു എം ജേക്കബിന്റെ നിലപാട്.കറന്‍സി നോട്ടുകളില്‍ ഹൈന്ദവ ദൈവങ്ങളുടെ ചിത്രം വെക്കണമെന്നും അധികാരത്തിലേറിയാല്‍ അയോധ്യയിലേക്ക് സൗജന്യ വാഹന സര്‍വീസ് ആരംഭിക്കുമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നുമുള്ള എഎപിയുടെ പ്രചാരണങ്ങളാണ് ട്വന്റി 20 യെ അന്ന് ചൊടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക