തിരുവനന്തപുരം: മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ പോരായെന്ന് ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ തുറന്നടിച്ച്‌ കെ.ബി. ഗണേശ് കുമാര്‍ എംഎ‍ല്‍എ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ ഒന്നും നടക്കുന്നില്ല. എംഎ‍ല്‍എമാര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് യോഗത്തില്‍ കെ.ബി. ഗണേശ് കുമാര്‍ കുറ്റപ്പെടുത്തി.

എംഎ‍ല്‍എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്. റോഡ് നിര്‍മ്മാണമാണെങ്കില്‍ ഇഴഞ്ഞുനീങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും ഗണേശ് കുമാര്‍ വിമര്‍ശിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും ഭരണ പക്ഷ എംഎല്‍എ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ഗണേശ് കുമാറിന്റെ വിമര്‍ശനത്തിനെ എതിര്‍ത്ത് സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തി.

വിമര്‍ശനം നീണ്ട് ജലവിഭവ വകുപ്പിലേക്ക് എത്തിയപ്പോള്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ടി.പി. രാമകൃഷ്ണന്‍ ഇടപെട്ടു. എന്നാല്‍ ഇവിടെ അല്ലാതെ മറ്റെവിടാണ് താന്‍ ഇക്കാര്യങ്ങള്‍ പറയേണ്ടത്, ഇത് പറയാന്‍ മറ്റേതാണ് വേദി എന്നായിരുന്നു ഗണേശ് കുമാറിന്റെ പ്രതികരണം. ഗണേശ് കുമാറിനെ പിന്തുണച്ച്‌ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനും രംഗത്തെത്തി. ചില സിപിഐ എംഎല്‍എമാര്‍ ഗണേശ് കുമാറിന്റെ പ്രസ്താവനയെ കൈയടിച്ചാണ് സ്വീകരിച്ചത്. പിന്നീട് ചേര്‍ന്ന സിപിഎം എംഎല്‍എമാരുടെ യോഗത്തിലും ഗണേശിന്റെ പ്രസ്താവനയെ അനുകൂലിച്ച്‌ ചിലര്‍ രംഗത്തെത്തിയതായും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക