ഷാഫി പറമ്ബില്‍ നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി മാര്‍ച്ചില്‍ തീരുന്നതിനാല്‍ പുതിയ അദ്ധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ച കോണ്‍ഗ്രസില്‍ സജീവമായി. മേയ് വരെ നിലവിലെ കമ്മിറ്റി തുടരട്ടെയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഒഴിവാക്കാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഷാഫി തുടരട്ടെയെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും, സംസ്ഥാന കമ്മിറ്റിയിലെ പ്രബല വിഭാഗത്തിന് ഇതിനോട് എതിര്‍പ്പാണ്.

എ ഗ്രൂപ്പിന് അവകാശപ്പെട്ട അദ്ധ്യക്ഷ സ്ഥാനത്ത്, ചാനല്‍ ചര്‍ച്ചകളിലൂടെ പാര്‍ട്ടി മുഖമായി മാറിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇരുത്തി പടിയിറങ്ങാനാണ് ഷാഫിക്ക് ആഗ്രഹം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പിന്തുണയും രാഹുലിനുണ്ട്. രാഹുലിന് അടിത്തട്ടില്‍ പ്രവര്‍ത്തന പരിചയമില്ലെന്നും, ഫേസ്ബുക്കിലും ചാനലിലും മാത്രമാണ് രാഷ്‌ട്രീയമെന്നുമാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ -ഓര്‍ഡിനേറ്റര്‍ ജെ.എസ്.അഖിലിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ട് വയ്‌ക്കുന്നത്. സംഘടനാ പ്രവര്‍ത്തനത്തിലെ സീനിയോരിറ്റിയും കെ.എം.അഭിജിത്ത് പ്രസിഡന്റായ സമയത്ത് കെ.എസ്.യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്‌ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണിത്. കേരള സര്‍വകലാശാല സെനറ്റിലും സിന്‍ഡിക്കേറ്റിലും ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അഖില്‍ പലതവണ തഴയപ്പെട്ടെന്ന വികാരം പാര്‍ട്ടിയിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുളളിയിലിന് വേണ്ടിയാണ് കെ.സി.വേണുഗോപാല്‍ നിലയുറപ്പിച്ചിരിക്കുന്നത്. വി.ഡി.സതീശന്റെ നോമിനിയായ അലോഷ്യസ് സേവ്യര്‍ കെ.എസ്.യു പ്രസിഡന്റായതിനാല്‍ യൂത്ത് കോണ്‍ഗ്രസില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാള്‍ പ്രസിഡന്റാകണമെന്ന ആഗ്രഹം വേണുഗോപാലിനുണ്ട്. ഒറ്റപ്പേരിലെത്താന്‍ നേത്യത്വത്തിന് കഴിഞ്ഞില്ലെങ്കില്‍ സമവായാടിസ്ഥാനത്തില്‍ കെ.എം.അഭിജിത്തിനെ അദ്ധ്യക്ഷനാക്കാനും സാദ്ധ്യതയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികള്‍ വരട്ടെയെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക