തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെയായി സ്ത്രീധന പീഡനങ്ങള്‍ വ്യാപകമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഗത്യന്തരമില്ലാതെ ആത്മഹത്യയില്‍ യുവതികള്‍ അഭയം പ്രാപിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിനിടെ സ്ത്രീധന നിരോധന ചട്ടം പുതുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിവാഹത്തിനു മുന്‍പു വധൂവരന്മാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതും വധുവിനു രക്ഷിതാക്കള്‍ നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരിക്കുന്നത്.

കൊല്ലം നിലമേല്‍ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷന്‍ പരിഷ്‌കരണ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നടപടികള്‍ പുരോഗിമിക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മര്‍ദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചര്‍ച്ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ രജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധവകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും.വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്‌സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാര്‍ശയും നടപ്പായിട്ടില്ല.

വധുവിന് നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ല, ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ, വധുവിന് ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിന് മാത്രം, വിവാഹ സമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം, വിവാഹ രജിസ്ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണം തുടങ്ങിയ കാര്യങ്ങളും ശുപാര്‍ശയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക