2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചായ രണ്ടാം തവണയും സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ രീതിയില്‍ പരാജയപ്പെട്ടെങ്കിലും കൊല്ലം ജില്ലയില്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചത് പാര്‍ട്ടി വലിയ ആശ്വാസമായിരുന്നു നല്‍കിയത്. പിസി വിഷ്ണുനാഥിലൂടെ കുണ്ടറയും സിആര്‍ മഹേഷിലൂടെ കരുനാഗപ്പള്ളിയുമായിരുന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതില്‍ തന്നെ കരുനാഗപ്പള്ളിയിലെ വിജയമാണ് ഏറെ ശ്രദ്ധേയം.

കോണ്‍ഗ്രസ് ഇതുവരെ വിജയിച്ചിട്ടില്ലാത്ത മണ്ഡലത്തില്‍ 29,208 വോട്ടിനായിരുന്നു മഹേഷിന്റെ വിജയം. ഇപ്പോഴിതാ കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങളെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് എംഎല്‍എ. മനോരമക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാഥമിക അംഗത്വം വേണമെങ്കില്‍ എല്ലാവര്‍ക്കും കൊടുക്കാം. എന്നാല്‍ സജീവ അംഗം എന്ന് പറയുന്നത് എല്ലാ അര്‍ത്ഥത്തിലും സജീവമായിരിക്കണം. പാര്‍ട്ടിക്കും അംഗത്തിനും കേഡര്‍ സ്വഭാവം വേണം. ഒരു ക്ലബിന്റെ പോലും ആത്മാവ് എന്നു പറയുന്നത് ആ സംഘടനയിലെ അംഗത്വമാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ അതൊന്നുമില്ല.

സംഘടനാ തിരഞ്ഞെടുപ്പ് എന്ന തട്ടിപ്പ് പ്രഖ്യാപിക്കുന്നതോടെ അത് എങ്ങനേയും മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞാനും അത് ചെയ്തിട്ടുണ്ട്. നമ്മുടെ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടി കുറെ കള്ള മെംബര്‍ഷിപ് ചേര്‍ക്കും. ഇവര്‍ക്കൊന്നും പാര്‍ട്ടിയുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. ഈ രീതിയാണ് ആദ്യം മാറേണ്ടത്. മെംബര്‍ഷിപ്പിനെ കോണ്‍ഗ്രസ് അതിന്റെ ഹൃദയമായി കാണണം. അങ്ങനെ കാണുന്നതു കൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ച്‌ നില്‍ക്കുന്നതെന്നും സി ആര്‍ മഹേഷ് പറയുന്നു.

ഇവിടെ നേതാക്കന്മാരുടെ അനുയായി ആയാണ് കോണ്‍ഗ്രസിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. നേതാക്കന്മാരോടാണ് കൂറ്, അല്ലാതെ പാര്‍ട്ടിയോടല്ല. ബൂത്തില്‍ ഇരിക്കാന്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി എന്ന ആശയം കെ.സുധാകരന്‍ നടപ്പാക്കിയത് ഇതിന് പരിഹാരമായിട്ടായിരുന്നു. അതും അട്ടിമറിക്കപ്പെട്ടു.

കാലം മാറിയത് അനുസരിച്ച്‌ രാഷ്ട്രീയപ്രവര്‍ത്തനവും മാറിയാല്‍ മാത്രമേ ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സാധിക്കുകയുള്ളു. മതന്യൂനപക്ഷങ്ങളുടെ പിന്തുണ തിരിച്ചു പിടിച്ചാല്‍ മാത്രേമേ യു ഡി എഫിന് അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ. അവരുടേയും സോഷ്യല്‍ ഗ്രൂപ്പുകളുടെയും പിന്തുണ ഉണ്ടെങ്കിലേ ഇവിടെ യുഡിഎഫിനു ജയിക്കാന്‍ സാധിക്കുകയുള്ളു.

സംസ്ഥാനത്ത് സി പി എമ്മിന്റെ സ്ഥിതി കോണ്‍ഗ്രസിനെപ്പോലെയല്ല, ഏത് ഏതു കൊടുങ്കാറ്റ് അടിച്ചാലും 40 സീറ്റ് അവര്‍ ജയിക്കും. മണ്ഡലം പുനഃര്‍നിര്‍ണ്ണയ സമയത്ത് അത്തരത്തില്‍ ജാഗ്രതയോടെ ഇടപെട്ട് അവര്‍ അത്തരം മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചിട്ടുണ്ട്. ഒറ്റയ്ക്കു നിന്നാല്‍ പോലും അവിടെ ജയിക്കാന്‍ കഴിയും. എന്നാല്‍ കോണ്‍ഗ്രസിന് ഉറപ്പിച്ച്‌ പറയാന്‍ സാധിക്കുന്ന അത്തരം സീറ്റില്ല.

കോണ്‍ഗ്രസിന്റെ സീറ്റുകളുടെ കാര്യം കയ്യാലപ്പുറത്താണ്. 20 സീറ്റുകള്‍ ജയിച്ചാല്‍ മാത്രം പോരാ, പുതുതായി അത്രയും കൂടി എങ്കിലും പിടിക്കണം. അതിനായി കഠിനപ്രയത്നം ചെയ്യേണ്ടതുണ്ട്. മതന്യൂനപക്ഷങ്ങളുടെ പിന്തുണ പൂര്‍ണമായും യുഡിഎഫിന് ഉറപ്പിക്കാന്‍ പറ്റില്ല. സി പി എം ആകട്ടെ തന്ത്രപരമായ പ്രസ്താവനകളിലൂടെ അവരെ ഒപ്പം നിര്‍ത്തുകയാണെന്നും സിആര്‍ മഹേഷ് കൂട്ടിച്ചേര്‍ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക