കാളികാവ്: ഉഴിച്ചില്‍ വാഗ്ദാനമേകി ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതില്‍ ആകൃഷ്ടരായി അന്വേഷിച്ചെത്തിയവര്‍ക്ക് നാട്ടുകാരിയായ യുവതിയുടെ ഫോണ്‍ നമ്ബര്‍ നല്‍കുകയും ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. ഇന്റര്‍നെറ്റില്‍ നിന്നും ലഭിച്ച ചിത്രം ഉപയോഗിച്ച്‌ മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തത്.

പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്ബര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്ബര്‍ നല്‍കി. ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതിയുമായെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉഴിച്ചിലിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 4000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 2000 രൂപയുടെ സുഖചികിത്സ വരെ വാഗ്ദാനം ചെയ്തിരുന്നു. പരസ്യവാചകത്തിലും മെസഞ്ചര്‍ വഴിയുള്ള സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേര്‍ ആകൃഷ്ടരായി. ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ പലരും സന്നദ്ധരായിരുന്നു. കുറച്ച്‌ സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാല്‍ സാമ്ബത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്ന് പൊലീസ് പറഞ്ഞു. കാളികാവ് സബ് ഇന്‍സ്പെക്ടര്‍ ടി.പി. മുസ്തഫ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍സലീം, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റോണ്‍ ജോസഫിനെ പിടികൂടിയത്. യുവതിയുടെ പരാതിയില്‍ ഐ.ടി. നിയമപ്രകാരമാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക