കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കോപ്പിയടിയുമായി ബന്ധപ്പെട്ട് പുതിയ നിയമത്തിനൊരുങ്ങുന്നു. ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചാല്‍ ഇത് നിയമമാകും. ഇതുവരെ പരീക്ഷക്കിടയില്‍ കോപ്പിയടി പിടിച്ചാല്‍ എഴുതിയ പേപ്പര്‍ തിരികെ വാങ്ങി വീണ്ടും എഴുതിക്കുകയാ എഴുതാന്‍ സമ്മതിക്കാതിരിക്കുകയോ ആയിരുന്നു ചെയ്തിരുന്നത്.

കോപ്പിയടിച്ചവരുടെ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ കോപ്പിയടി പിടിച്ചാലും പരീക്ഷ എഴുതാം. ഇവരുടെ പേപ്പറുകള്‍ മൂല്യനിര്‍ണയം നടത്തുകയും വേണം. എന്നാല്‍ കോപ്പിയടിയുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ ഫലം പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോപ്പിയടിച്ച വ്യക്തിയില്‍ നിന്ന് ഇന്‍വിജിലേറ്റര്‍ എഴുതി വാങ്ങണം. പരീക്ഷ ചീഫ് സൂപ്രണ്ടിന് ഇന്‍വിജിലേറ്റര്‍ കോപ്പിയടി റിപോര്‍ട്ട് ചെയ്യണം. പരീക്ഷ രജിസ്റ്ററിന്റെ നേരെ കോപ്പിയടി എന്ന് തെളിയിക്കാന്‍ എസ് എം പി എന്ന് രേഖപ്പെടുത്തണം. ബാര്‍കോഡ് അനുസരിച്ചുള്ള ഉത്തരക്കടലാസിന്റെ ഒന്നും മൂന്നും പേപ്പറുകള്‍ ചീഫ് സൂപ്രണ്ട് ഫോട്ടോ കോപ്പിയെടുത്ത് അറ്റസ്റ്റ് ചെയ്യണം.

കോപ്പിയടിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സര്‍വകലാശാലയിലേക്ക് എത്തിക്കണം. കോപ്പിയടി പിടിച്ച ഉത്തരക്കടലാസുകള്‍ മറ്റ് പേപ്പറുകള്‍ക്കൊപ്പം മൂല്യനിര്‍ണയത്തിന് അയക്കണം. ഇത്തരത്തിലുള്ള പുതിയ പരിഷ്‌കാരങ്ങള്‍ക്ക് ഇന്ന് സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കിയാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷ കോപ്പിയടിയുമായി ബന്ധപ്പെട്ട പുതിയ നിയമാവലി ആയിത്തീരും.

എന്നാൽ പുതിയ നിയമം ഭ്രാന്തൻ പരിഷ്കാരങ്ങൾ ആണെന്നാണ് ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർത്ഥികൾക്ക് മേൽ പരീക്ഷ ഹാളിൽ ഇൻവിജിലേറ്റർക്കുള്ള നിയന്ത്രണം പൂർണമായി ഇത് നഷ്ടപ്പെടുത്തുമെന്നും കോപ്പിയടിയെ സാമാന്യവൽക്കരിക്കുവാൻ സഹായിക്കും എന്നുമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ കോപ്പിയടിക്കുന്ന കുട്ടികൾ ശിക്ഷയിൽനിന്ന് ഒഴിവാക്കപ്പെടാൻ ഉള്ള സാധ്യതയും ഇവിടെ കൂടുതലാണ്. മതിയായ ആലോചന ഇല്ലാതെയാണ് ഇത്തരം പരിഷ്കാരങ്ങൾ എന്നാണ് ഉയരുന്ന വിമർശനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക