പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.

പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്ത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും അവർ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. സെമിയിൽ എക്സ്ട്രാ ടൈമിലും. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്കോവിച്ചാണ് ക്രൊയേഷ്യയ്‌ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്. ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്കോവിച്ചിന്റെ സമനില ഗോൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക