കേരളത്തിൻറെ മുഖ്യമന്ത്രിയായി ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നത് ആരെ എന്ന ചോദ്യം ഉയർത്തി കേരള സ്പീക്ക്സ് വായനക്കാരുടെ ഇടയിൽ ഒരു സർവ്വേ നടത്തിയിരുന്നു. 2639 പേരാണ് സർവേയുമായി ബന്ധപ്പെട്ട് ഗൂഗിൾ ഫോമിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ട്വൻറി 20 നേതാവ് സാബു ജേക്കബ്, കോൺഗ്രസ് എംപി ഡോക്ടർ ശശി തരൂർ എന്നീ നേതാക്കളുടെ പേരും, അതല്ലെങ്കിൽ മറ്റാരെങ്കിലും എന്ന ഓപ്ഷനുകളും ആണ് സർവേയിൽ പങ്കെടുത്തവർക്ക് നൽകിയിരുന്നത്.

വിമർശനങ്ങൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവ്വേയുമായി ബന്ധപ്പെട്ട് ഏറ്റവും അധികം വിമർശനങ്ങൾ ഒരു പ്രത്യേക വിഷയം ചൂണ്ടിക്കാട്ടിയാണ് ഉയർന്നുവന്നത്. അത് ഇപ്രകാരമാകുന്നു: യുഡിഎഫ് പക്ഷത്തുനിന്ന് നാലു നേതാക്കളുടെ പേര് നൽകിയപ്പോൾ, സിപിഎമ്മിൽ നിന്ന് പിണറായിയുടെ പേര് മാത്രമേ നൽകിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ യുഡിഎഫ് അനുഭാവ അഭിപ്രായപ്രകടനങ്ങൾ വിഭജിക്കപ്പെട്ട് വീഴുമെന്നും സിപിഎം അഭിപ്രായ വോട്ടുകൾ ഏകീകരിക്കപ്പെടും എന്നുമാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. മറ്റൊരു പ്രധാനപ്പെട്ട വിഷയം ബിജെപി നേതാക്കളെ ഈ സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്. ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിനെ ഓപ്ഷനുകളിൽ ഉൾപ്പെടുത്തിയതിലും നിരവധി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നിരുന്നാലും രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന നൂറോളം വ്യക്തികളോട് സംസാരിച്ചതിനു ശേഷമാണ് കേരളത്തിൽ മുഖ്യമന്ത്രി പദവിയിലേക്ക് വരാനാകും എന്ന് അവർ കരുതുന്ന നേതാക്കളിൽ നിന്നാണ് ഓപ്ഷനുകൾ തിരഞ്ഞെടുത്തത്. അധികമായി മറ്റാരെങ്കിലും എന്ന ഓപ്ഷൻ കൂടി നൽകിയാണ് സർവ്വേ ഫോം വായനക്കാരിലേക്ക് എത്തിച്ചത്.

സർവ്വേയുടെ വിശദാംശങ്ങൾ:

കേരള സ്പീക്സ് ന്യൂസ് ഗ്രൂപ്പുകളിലൂടെയാണ് സർവ്വേ ഫോമുകൾ പങ്കുവെച്ചത്. 2639 ആളുകളാണ് സർവേയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തിയത്. കേരളം കടന്നുപോകുന്ന പ്രത്യേകമായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് തന്നെയാണ് ഈ ഘട്ടത്തിൽ ഇത്തരം ഒരു സർവ്വേ നടത്തിയത്. മനുഷ്യ വിഭവ ശേഷി പ്രൊഫഷണലുകളുടെ രൂപത്തിലും, വിദ്യാർത്ഥികളുടെ രൂപത്തിലും മുൻപെങ്ങുമില്ലാത്തവിധം കേരളത്തിൽ നിന്ന് പലായനം ചെയ്യുന്ന സാമൂഹിക സാഹചര്യവും, സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും, സംസ്ഥാനത്ത് നിലനിൽക്കുന്ന വ്യാവസായിക വാണിജ്യ വെല്ലുവിളികളും, ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കേരള ജനത ഏതു നേതാവിലാണ് ഏറ്റവും അധികം പ്രതീക്ഷ വയ്ക്കുന്നത് എന്ന് കണ്ടെത്തൽ ആയിരുന്നു ഈ സർവേയുടെ ഉദ്ദേശലക്ഷ്യം.

സർവ്വേ ഫലം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങൾ ആഗ്രഹിക്കുന്ന നേതാവ് – സർവ്വേഫലങ്ങൾ റാങ്ക് അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. റാങ്ക്, നേതാവിന്റെ പേര്, ലഭിച്ച വോട്ട്, ലഭിച്ച വോട്ട് ആകെ വോട്ടുകളുമായി തട്ടിച്ചുള്ള ശതമാന കണക്ക് എന്നിങ്ങനെയാണ് സർവ്വേ ഫലം രേഖപ്പെടുത്തിയിരിക്കുന്നത്.

  • ശശി തരൂർ 1077 (40.8%)
  • സാബു എം ജേക്കബ് 472 (17.8%)
  • വി ഡി സതീശൻ 446 (16.9%)
  • കെ സുധാകരൻ 194 (7.3%)
  • പിണറായി വിജയൻ 151 (5.7%)
  • ഉമ്മൻചാണ്ടി 103 (3.9%)

സർവേയിൽ പങ്കെടുത്ത 7.4 ശതമാനം ആളുകൾ മറ്റാരെങ്കിലും എന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുത്തത്.

ശശി തരൂരിന് ലഭിക്കുന്ന മഹാ പിന്തുണ: സർവേയിൽ പങ്കെടുത്ത ആളുകളിൽ 40 ശതമാനത്തിൽ അധികമാളുകൾ മുഖ്യമന്ത്രി സ്ഥാനത്ത് ആഗ്രഹിക്കുന്നത് ശശി തരൂരിനെയാണ്. ഇത് സംസ്ഥാനത്ത് സമീപഭാവിയിൽ നടത്തിയ രാഷ്ട്രീയ നീക്കങ്ങളിൽ അദ്ദേഹത്തിന് ലഭിച്ച പൊതുജന പിന്തുണയെ സാധൂകരിക്കുന്നു. ശശി തരൂരിനെ പോലെയുള്ള ഒരാൾ സംസ്ഥാന മുഖ്യമന്ത്രിയായി എത്തിയാൽ മാത്രമേ കേരളത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന വിലയിരുത്തലിലാണ് കേരളത്തിലെ പൊതുസമൂഹം എന്ന് ഈ സർവ്വേ ഫലങ്ങളെ ആധാരമാക്കി നിരീക്ഷിക്കാൻ സാധിക്കും.

അപ്രതീക്ഷിതമായ ജന സ്വീകാര്യത നേടി സാബു എം ജേക്കബ്: ട്വൻറി20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ശശി തരൂരിന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തുമ്പോൾ കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയക്കാർക്ക് അതിൽ കൃത്യമായ മുന്നറിയിപ്പായി മാറുകയാണ്. നിലവിലുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ആണെങ്കിലും സാബു ജേക്കബ് പിന്നിലാക്കുന്നു എന്നത് ചെറിയ കാര്യമല്ല. പരമ്പരാഗത രാഷ്ട്രീയക്കാരോടുള്ള കേരള സമൂഹത്തിൻറെ സമീപനത്തിൽ വന്നിരിക്കുന്ന വ്യത്യാസവും രാഷ്ട്രീയത്തിനപ്പുറം പ്രതിച്ഛായയുള്ള അഴിമതി വിരുദ്ധ വികസനോന്മുഖ ജനസേവന രാഷ്ട്രീയത്തിനുള്ള സ്വീകാര്യതയും ആണ് ഒന്നാം സ്ഥാനത്ത് തരൂരും രണ്ടാം സ്ഥാനത്ത് സാബു എം ജേക്കബും എത്തുമ്പോൾ വ്യക്തമാക്കുന്നത്.

വി ഡി സതീശൻ: സതീശന് ലഭിച്ച വോട്ടുകൾ 16.9 ശതമാനമാണ്. അതായത് സാബു ജേക്കബിന് തൊട്ടുപിന്നിൽ. ശശി തരൂർ വന്നെങ്കിൽ മാത്രമേ കോൺഗ്രസ് അടുത്ത തവണ അധികാരത്തിൽ വരൂ എന്ന് വിവിധ നിഷ്പക്ഷ രാഷ്ട്രീയ കോണുകളിൽ നിന്നുള്ള വിലയിരുത്തലുകൾ ഈ കണക്കുമായി ചേർന്നുനിൽക്കുന്നതാണ്. സർക്കാർ ഏറ്റവും മോശപ്പെട്ട പ്രതിച്ഛായയിലൂടെ കടന്നുപോകുന്ന ഒരു ഘട്ടത്തിൽ പ്രതിപക്ഷനേതാവിന് ഇത്രമാത്രം പിന്തുണയേ ലഭിക്കുന്നുള്ളൂവെങ്കിൽ അത് അദ്ദേഹത്തിൻറെ പോരായ്മയല്ല മറിച്ച് യുഡിഎഫ് എന്ന രാഷ്ട്രീയ കൂട്ടായ്മയുടെയും കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും പോരായ്മയായി തന്നെ വിലയിരുത്താവുന്നതാണ്.

മുഖ്യമന്ത്രി പിണറായിയുടെ ദയനീയ പ്രകടനം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദയനീയ പ്രകടനമാണ് സർവേയിലെ മറ്റൊരു പ്രധാന കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത ആളുകളിൽ കേവലം 5.72 ശതമാനം ആളുകൾ മാത്രമേ പിണറായിയെ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്ത് ആഗ്രഹിക്കുന്നുള്ളൂ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാത്ത, രോഗ അവസ്ഥയിൽ വിശ്രമം തേടിയ ഉമ്മൻ ചാണ്ടി മാത്രമാണ് മുഖ്യമന്ത്രി പിണറായിക്ക് പിന്നിലുള്ളത്. അങ്ങനെ പറയുമ്പോൾ പോലും എടുത്തു പറയേണ്ട മറ്റൊരു കാര്യം സിപിഎമ്മിൽ നിന്നും ഇടതുപക്ഷത്തു നിന്നും സർവ്വേയിൽ ഉയർത്തിക്കാട്ടിയ ഏക പേര് പിണറായിയുടെതാണ്. അങ്ങനെ ചിന്തിച്ചാൽ ഇടതുപക്ഷം മനസ്സുള്ള ആളുകളുടെ പോലും പൂർണമായ പിന്തുണ പിണറായിക്ക് ലഭിക്കുന്നില്ല എന്ന് വിലയിരുത്തേണ്ടി വരും. അല്പം കൂടി കടന്നു ചിന്തിച്ചാൽ പിണറായി വിജയൻ ഇടതുമുന്നണിക്ക് ഒരു ഭാരമാകുന്നു എന്നുപോലും വിലയിരുത്തിയാൽ അതിശയോക്തിയില്ല എന്ന് പറയേണ്ടിവരും.

യുഡിഎഫിന് വൻ സ്വീകാര്യത: സർവ്വേയിൽ ഉൾപ്പെടുത്തിയിരുന്ന യുഡിഎഫ് പ്രതിനിധികളായ നാലുപേർക്ക് ലഭിച്ച വോട്ടുകൾ കൂട്ടിച്ചേർത്ത് ശതമാനത്തിൽ ആക്കിയാൽ 68.9 ശതമാനമാണ്. അങ്ങനെ വിലയിരുത്തിയാൽ അത് യുഡിഎഫിന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉള്ള വൻ സ്വീകാര്യത വെളിവാക്കുന്നു. പക്ഷേ ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കേണ്ടത് യുഡിഎഫിന് ലഭിച്ച ആകെ വോട്ടുകളിൽ 60% വും ലഭിച്ചിരിക്കുന്നത് ശശി തരൂരിനാണ്. അതായത് യുഡിഎഫ് സ്വീകാര്യത ഉറപ്പിക്കുന്നത് ശശി തരൂരാണ് എന്നും വിലയിരുത്താം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക