കോഴിക്കോട് ജില്ലയില്‍ തരൂരിന്റെ പരിപാടിയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളെയും യൂത്ത് കോണ്‍ഗ്രസിനെയും വിലക്കിയതിനോട് രൂക്ഷമായി പ്രതികരിച്ച്‌ കെ മുരളീധരന്‍ എം പി. പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ പാര്‍ട്ടി കാര്യമായതിനാല്‍ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സാധാരണ അന്വേഷണം നടത്തുന്നത് എന്താണ് സംഭവിച്ചത് എന്ന് അറിയാനാണ്. ഇവിടെ എന്താ സംഭവിച്ചത് എന്ന് ഞങ്ങള്‍ക്കൊക്കെ അറിയാം. എന്നാേട് എല്ലാ കാര്യവും ഡി സി സി പ്രസിഡന്റ് പറഞ്ഞിരുന്നു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇന്നലെ സംഭവിച്ചത്. അത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കുക. ആര്‍ക്കും വിലക്കില്ല, പാര്‍ട്ടി പരിപാടിയില്‍ കോണ്‍ഗ്രസിന്റെ ഏത് നേതാവിനെയും പങ്കെടുപ്പിക്കാമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചൊരു പരിപാടിയില്‍ നിന്ന് പിന്മാറേണ്ടി വന്നത് ചില സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ്. അതെന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് പബ്ളിക്കായി ചര്‍ച്ചചെയ്യാന്‍ താത്പര്യപ്പെടുന്നില്ല. മര്യാദയ്ക്ക് അല്ലാതെയുള്ള ആലോചനകള്‍ എല്ലാം ഗൂഢാലോചനയാണ്. തടയിട്ടതിന്റെ ഉദ്ദേശം വേറെ ചിലതാണ്. മുഖ്യമന്ത്രി സ്ഥാനമൊക്കെ ആഗ്രഹിക്കുന്നവര്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാവാം.എന്നാല്‍ എനിക്ക് അങ്ങനെയുള്ള മോഹങ്ങള്‍ ഒന്നും ഇല്ല’- മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെയും ശശി തരൂരിന് അനുകൂലമായി മുരളീധരന്‍ രംഗത്തുവന്നിരുന്നു. ‘തരൂരിനെ മാറ്റിനിറുത്തി മുന്നോട്ട് പോകാനാവില്ല. തരൂര്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കെടുക്കാം.അതിന്റെ പേരില്‍ ഒരു നടപടിയും ഉണ്ടാവില്ല. തരൂരിനെ പാര വയ്ക്കാന്‍ പലരും നോക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകള്‍ ഉണ്ടാകാറുണ്ടായിരുന്നു. തരൂരിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കും. കോണ്‍ഗ്രസിന്റെ മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിശാല പാര്‍ട്ടിയാണെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങളില്‍ തരൂരിന്റെ പങ്കുണ്ടാവുമെന്നുമാണ് ഇന്നലെ മുരളീധരന്‍ പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക