യുഡിഎഫിന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർപരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതോടെ മുസ്ലിംലീഗ് കടന്നുപോയത് വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് മുസ്ലിം ലീഗ് കടന്നുപോയത്. ലീഗിനുള്ളിൽ പി കെ കുഞ്ഞാലിക്കുട്ടി യുഗം അവസാനിച്ചു എന്നും വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേരള രാഷ്ട്രീയം കാണുന്ന ചില അണിയറ നീക്കങ്ങൾ സൂചിപ്പിക്കുന്നത് കുഞ്ഞാലിക്കുട്ടി എന്ന കിംഗ് മേക്കറുടെ തിരിച്ചു വരവ് തന്നെയാണ്. കോൺഗ്രസ് സ്വയം നന്നായില്ലെങ്കിൽ കോൺഗ്രസിന് നന്നാക്കുവാൻ വേണ്ടി ലീഗ് കുഞ്ഞാലിക്കുട്ടിയെ മുൻനിർത്തി കളിക്കും എന്ന സൂചന കൃത്യമായി ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച മുതൽ ശശി തരൂർ ആരംഭിക്കുന്ന നാല് ദിവസത്തെ മലബാർ പര്യടനം ആണ് പ്രത്യക്ഷ നീക്കങ്ങളുടെ ആദ്യത്തെ പ്രതിഫലനം.

മുസ്ലിംലീഗ് നീക്കം ശശി തരൂരിനെ മുൻനിർത്തി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾക്ക് വർദ്ധിച്ചു വരുന്ന വിശ്വാസ്യതയും, കോൺഗ്രസ് നേതൃത്വത്തിലെ അനൈക്യങ്ങളും യുഡിഎഫിനുള്ള തിരിച്ചുവരവ് സാധ്യതകളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് മുസ്ലിം ലീഗ് കരുക്കൾ നീക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസിനും യുഡിഎഫിനും തിരിച്ചുവരവ് ഒരുക്കണമെങ്കിൽ വേണ്ടത് വിശ്വാസ്യതയുള്ള ഒരു നേതൃമുഖമാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. ഇത് ആരാകും എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയത് എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പോട് കൂടിയാണ്. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ ഒറ്റയാനായി മത്സരത്തിന് ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത അത്ഭുതകരമായിരുന്നു. കേരളത്തിൽ തന്നെ പ്രമുഖ നേതാക്കൾ എല്ലാവരും ഒറ്റക്കെട്ടായി എതിർത്തിട്ടും ആകെ വോട്ടുകളിൽ പകുതിയിൽ കൂടുതൽ തരൂർ കേരളത്തിൽ നിന്ന് നേടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ഒരു വിമത സ്ഥാനാർത്ഥി നേടുന്ന ഏറ്റവും കൂടുതൽ വോട്ട് എന്ന നേട്ടവും തരൂർ സ്വന്തമാക്കി. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കുഞ്ഞാലിക്കുട്ടി എന്ന രാഷ്ട്രീയ ചാണക്യൻ ഇപ്പോൾ കരുക്കൾ നീക്കുന്നത്.

രാഷ്ട്രീയത്തിനപ്പുറം പ്രതിച്ഛായയുള്ള നേതാവ്

പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെയും നേതാവിന്റെയും പ്രതിച്ഛായ ഏറ്റവും മങ്ങി നിൽക്കുന്ന ഒരു സമയമാണിത്. ഉമ്മൻചാണ്ടി പ്രായാധിക്യത്താൽ അവശനാണ്. രമേശ് ചെന്നിത്തല പരാജയപ്പെട്ട സൈന്യാധിപനാണ്. കെ സുധാകരൻ നാക്കുപിഴകളുടെ തമ്പുരാനാണ്, എല്ലാത്തിലും ഉപരിയായി വി ഡി സതീശൻ പ്രതിച്ഛായയുടെ തടവുകാരനും നയതന്ത്രജ്ഞതയില്ലാത്ത പ്രതികാര ബുദ്ധിയുള്ള രാഷ്ട്രീയക്കാരനായും വിലയിരുത്തപ്പെടുന്ന സമയമാണിത്. അണികളെ ആവേശപ്പെടുത്താൻ സുധാകരന് കഴിയും പക്ഷേ അദ്ദേഹവും ആരോഗ്യകരമായ അസ്വസ്ഥതകൾ നേരിടുന്നുണ്ട്. പക്ഷേ പാർട്ടി അണികൾക്ക് അപ്പുറമുള്ള നിഷ്പക്ഷ വോട്ടുകൾ കേരളമെമ്പാടും നേടിയെടുക്കുവാൻ കെ സുധാകരന് കഴിയില്ല. അതിനു സാധിക്കും എന്ന് കരുതിയിരുന്ന വി ഡി സതീശൻ സ്വന്തം പ്രതിച്ഛായക്കപ്പുറം മറ്റൊന്നിലും ശ്രദ്ധാലുവല്ല. വിവിധ സാമുദായിക നേതൃത്വങ്ങളെ പിണക്കുന്നതും പ്രകോപിപ്പിക്കുന്നതും അദ്ദേഹം ഒരു പതിവാക്കി മാറ്റിയിരിക്കുന്നു. പാർട്ടിക്കുള്ളിലെ സാധാരണ അണികളോട് ഉമ്മൻചാണ്ടിയെപ്പോലെ ഒരു ജനകീയനായി ഇടപെടുവാനും അദ്ദേഹത്തിന് കഴിയുന്നില്ല. അതുകൊണ്ടുതന്നെ വാക്ചാതുര്യമുള്ള ഒരു പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം അദ്ദേഹത്തിനും ഒന്നും ആവില്ല എന്നും വിലയിരുത്തപ്പെടുന്നു. ഇവിടെയാണ് കേരളത്തിലെ നിഷ്പക്ഷ ജനത ആഗ്രഹിക്കുന്നത് പോലെ രാഷ്ട്രീയത്തിനപ്പുറവും പ്രതിച്ഛായയുള്ള, മാറ്റം കൊണ്ടുവരാൻ ആകുമെന്ന് കേജരിവാളിനെ പോലെ ജനങ്ങളെ വിശ്വസിപ്പിക്കുവാൻ പ്രാപ്തിയുള്ള ശശി തരൂർ എന്ന വ്യക്തിത്വം കോൺഗ്രസിനെ തുണയ്ക്കുന്നത്. കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾ ഇത് സ്വയം മനസ്സിലാക്കാൻ തയ്യാറാവുന്നില്ലെങ്കിൽ അവർക്ക് അത് മനസ്സിലാക്കി കൊടുക്കാൻ തന്നെയാണ് മുസ്ലിം ലീഗ് കച്ചകെട്ടുന്നതെന്ന് വ്യക്തം.

ചരിത്രം ആവർത്തിക്കപ്പെടുന്നു

കെ കരുണാകരൻ മുതൽ ഇങ്ങോട്ട് നോക്കിയാൽ കോൺഗ്രസിലെ നേതൃ മാറ്റങ്ങൾക്ക് പിന്നിൽ പലപ്പോഴും മുസ്ലിം ലീഗിന് കൃത്യമായ റോൾ ഉണ്ട്. ലീഗ് ഇടപെട്ട് നടപ്പിലാക്കിയ നേതൃ മാറ്റങ്ങൾ അതാത് കാലഘട്ടങ്ങളിൽ കോൺഗ്രസിന് രാഷ്ട്രീയമായി വലിയ നേട്ടം ആയിട്ടുമുണ്ട്. ഈ ചരിത്രം തന്നെയാണ് യുഡിഎഫ് രാഷ്ട്രീയത്തിൽ വീണ്ടും ആവർത്തിക്കപ്പെടുക എന്ന കൃത്യമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കരുണാകരനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റി എ കെ ആന്റണിയെ മുഖ്യമന്ത്രി പദത്തിൽ അവരോധിച്ചതിന് പിന്നിൽ മുസ്ലിം ലീഗ് ആയിരുന്നു, കൂടുതൽ വ്യക്തമായി പറഞ്ഞാൽ കുഞ്ഞാലിക്കുട്ടിയായിരുന്നു. ഉപതെരഞ്ഞെടുപ്പിന് നേരിട്ട് എ കെ ആന്റണിക്ക് നിയമസഭയിൽ എത്തുവാൻ സീറ്റ് ഒഴിഞ്ഞു കൊടുത്തതും ലീഗ് തന്നെയാണ്.

പിന്നീട് ഒരു തിരുവോണനാളിൽ എകെ ആന്റണി മുഖ്യമന്ത്രിപദം അപ്രതീക്ഷിതമായി രാജിവച്ചപ്പോൾ ആ പദവിയിലേക്ക് ഉമ്മൻചാണ്ടിയെ എത്തിക്കുവാനും, പിന്നീട് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ വീണ്ടും ഉമ്മൻചാണ്ടിയിൽ തന്നെ മുഖ്യമന്ത്രിയാക്കുവാനും പിന്തുണ കൊടുത്തതും ലീഗ് തന്നെയാണ്. ഈ ഇടപെടൽ തന്നെയാണ് പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് കരുത്ത് കൂട്ടുവാൻ ശശി തരൂരിന് മുൻനിർത്തി മുസ്ലിം ലീഗ് വീണ്ടും നടത്തുന്നത്. കോൺഗ്രസിൽ തരൂരിനു വേണ്ടി ഈ നീക്കങ്ങൾ ഏകോപിപ്പിക്കുന്നത് കോഴിക്കോട് എംപിയായ എം കെ രാഘവൻ ആണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക