പാറശാല: പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന്‍ ജെ.പി ഷാരോണ്‍രാജ് ആണ് ചൊവ്വാഴ്ച മരിച്ചത്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥിയാണ് ഷാരോണ്‍.14ന് രാവിലെ ഷാരോണ്‍രാജും സുഹൃത്ത് റെജിനും രാമവര്‍മന്‍ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയിരുന്നു.

റെജിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അല്‍പ സമയം കഴിഞ്ഞ് ഛര്‍ദിച്ച്‌ അവശനിലയില്‍ ഷാരോണ്‍രാജ് പുറത്തേക്ക് എത്തി. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. അവശനായ ഷാരോണ്‍രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചയ്ക്ക് ശേഷം മാതാവ് വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍രാജ് ഛര്‍ദിച്ച്‌ അവശനിലയില്‍ ആയിരുന്നു. ഉടന്‍ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി പരിശോധനകളില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് അയച്ചു.

അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാ‍ന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെ‍ഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനുള്ളില്‍ അഞ്ച് തവണ ഡയാലിസിസ് നടത്തി. വെന്റിലേറ്ററിലേക്കു മാറ്റി. തുടര്‍ന്നു മരിച്ചു പെ‍ാലീസ് അറിയിച്ചതിനെ തുടര്‍ന്ന് മജിസ്ട്രേട്ടും ആശുപത്രിയില്‍‌ മെ‍ാഴി രേഖപ്പെടുത്തിയിരുന്നു.

ഒരു വര്‍ഷമായി പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിഷാംശം അകത്ത് ചെന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പെണ്‍കുട്ടി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍രാജ് വീട്ടിലേക്കു പോയതെന്നും സൂചനകള്‍ ഉണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പെ‍ാലീസിനു പരാതി നല്‍കി.

പതിനൊന്നുകാരന്റെ മരണവും സമാന സാഹചര്യത്തില്‍

പാറശാല: സുഹൃത്തിന്റെ വീട്ടില്‍ നിന്നു നല്‍കിയ പാനീയം കുടിച്ച്‌ യുവാവും അജ്ഞാതന്‍ നല്‍കിയ ജ്യൂസ് കഴിച്ച്‌ സ്കൂള്‍ വിദ്യാര്‍ഥിയും മരിച്ച സംഭവങ്ങളില്‍ സമാനതകള്‍ ഒട്ടേറെ. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവേ യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ഥി നല്‍കിയ ജ്യൂസ് കഴിച്ച്‌ അവശ നിലയില്‍ ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് കളിയിക്കാവിള മെതുകമ്മല്‍ സ്വദേശി അശ്വിന്‍ (11) ന്റെ മരണം.

രണ്ട് സംഭവങ്ങളും നടന്നത് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണെങ്കിലും മരണത്തിലേക്ക് എത്തിയത് ഏറെക്കുറെ ഒരേ രീതിയില്‍ ആണ്. പാനീയം കുടിച്ച ആദ്യദിവസം നേരിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇരുവരുടെയും ആന്തരികാവയവങ്ങള്‍ ക്രമേണ തകരാറിലായി മരണം സംഭവിക്കുക ആയിരുന്നു. വ്യക്കകളുടെ പ്രവര്‍ത്തനം ആശുപത്രിയില്‍ എത്തിച്ച ഉടന്‍ തന്നെ ഭാഗികമായി നിലച്ചു. ഇരു സംഭവങ്ങളിലും വായ്ക്കുള്ളില്‍ വ്രണം ഉണ്ടായി ആഹാരം കഴിക്കാന്‍ പോലും ബുദ്ധിമുട്ട് നേരിട്ടു. ആസിഡിനു സമാനമായ ദ്രാവകം കുടിച്ചതാണ് മരണ കാരണം എന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക