ലണ്ടന്‍: നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് അവശ്യമായ 100 എം പിമാരുടെ പിന്തുണ നേടിയെന്ന് അവകാശപ്പെട്ടതിനു ശേഷം, പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ നിന്നും ബോറിസ് ജോണ്‍സണ്‍ നാടകീയമായി പിന്മാറി. മറ്റൊരു സ്ഥാനാര്‍ത്ഥി മോഹിയായ പെന്നി മോര്‍ഡൗണ്ടിന് 100 എം പി മാരുടെ പിന്തുണ നേടാനായിട്ടുമില്ല. ഇതോടെ ഇന്ന് ഋഷി സുനാകിനെ, ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചേക്കും.

തന്റെ രണ്ട് എതിരാളികളുമായി സന്ധിയുണ്ടാക്കുവാന്‍ ബോറിസ് ജോണ്‍സണ്‍ ഏറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അതൊന്നും വിജയം കാണാതെ വന്നതോടെയാണ് മത്സരത്തിനിറങ്ങണ്ട എന്ന് ബോറിസ് ജോണ്‍സണ്‍ തീരുമാനിച്ചത്. താന്‍ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കണം എന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടിയെ ഒരു വന്‍വിജയത്തിലേക്ക് താന്‍ നയിച്ചിരുന്നു. അതുകൊണ്ടുതന്നെ , ഉടനടി ഒരു പൊതുതെരഞ്ഞെടുപ്പ് ഒഴിവാക്കുവാനും, പാര്‍ട്ടിയെ ശക്തപ്പെടുത്താനും തനിക്ക് കഴിയുമെന്ന് താന്‍ വിശ്വസിച്ചു എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകുവാന്‍ ആവശ്യമായ, നിര്‍ദ്ദേശകന്റെയും പിന്താങ്ങുന്ന വ്യക്തിയുടെയും ഉള്‍പ്പടെ 102 എം പി മാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിജയിക്കുമെന്ന ഉറപ്പുമുണ്ട്. എന്നാല്‍, ഇപ്പോള്‍ താന്‍ മത്സരിക്കുന്നത് നല്ലൊരു കാര്യമല്ല എന്ന് കരുതുന്നു. പാര്‍ലമെന്റിനകത്ത് ഐക്യത്തോടെയുള്ള ഒരു പാര്‍ട്ടിയില്ലെങ്കില്‍ സുഗമമായി ഭരണം നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ താത്പര്യം മുന്‍നിര്‍ത്തി, ഒന്നിച്ചു പോകുവാന്‍ താന്‍ ഋഷി സുനാകുമായും പെന്നി മോര്‍ഡൗണ്ടുമായും കൂടിക്കാഴ്‌ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും വിജയകരമായില്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ, മത്സരത്തിനായി നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കേണ്ടതില്ലെന്നും, ഇനി വരുന്ന പ്രധാനമന്ത്രിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടതെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മറുപടിയായി, ദേശത്തായാലും വിദേശത്തായാലും ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് സമൂഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി ഋഷി സുനാക് പറഞ്ഞു. സമീപകാലത്ത് ബ്രിട്ടന്‍ നേരിട്ട പല പ്രതിസന്ധികളിലും രാജ്യത്തെ കൈപിടിച്ച്‌ നടത്തിച്ച നേതാവാണ് ബോറിസ് എന്ന് പറഞ്ഞ ഋഷി, ബ്രെക്സിറ്റ് സാധ്യമാക്കിയതും, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയതും ബോറിസിന്റെ നേതൃത്വത്തിലായിരുന്നു എന്നും ഓര്‍മ്മിപ്പിച്ചു. പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നില്ല എന്ന് അദ്ദേഹം തീരുമാനിച്ച സ്ഥിതിക്ക്, രാജ്യത്തിനായി തുടര്‍ന്നു പല നിലകളില്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമാകുമെന്ന് കരുതുന്നതായും ഋഷി പറഞ്ഞു.

അതേസമയം, പെന്നി മോര്‍ഡൗണ്ട് ഇപ്പോഴും മത്സര രംഗത്തുണ്ടെന്ന് അവരുടെ ക്യാമ്ബ് വ്യക്തമാക്കുന്നു. പാര്‍ട്ടി നേതാക്കളേയും അണികളേയും യോജിപ്പിച്ച്‌ കൊണ്ടുപോകാന്‍ പെന്നിക്ക് മാത്രമെ കഴിയു എന്ന അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇന്നലെ വരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ 357 എം പിമാരില്‍ 228 പേര്‍ അവരുടെ പിന്തുണപരസ്യമാക്കി രംഗത്ത് വന്നിട്ടുണ്ട്. സുനാകിന് 147 പേര്‍ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ മോര്‍ഡൗണ്ടിന് ലഭിച്ചത് 24 പേരുടെ പിന്തുണ മാത്രമാണ്.

പിന്തുണ പരസ്യപ്പെടുത്തിയ എം പി മാരില്‍ 57 പേരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ലഭിച്ചിട്ടുള്ളത്. എന്നാല്‍, അദ്ദേഹം അവകാശപ്പെടുന്നത് 100 ല്‍ അധികം എം പിമാരുടെ പിന്തുണ ലഭിച്ചു എന്നാണ്. അതുകൊണ്ടു തന്നെ മോര്‍ഡൗണ്ടിന് നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് ആവശ്യമായ 100 എം പിമാരുടെ പിന്തുണ ലഭിക്കാന്‍ ഇടയില്ല. നേരത്തേ, താന്‍ പ്രധാനമന്ത്രിയായാല്‍, ഋഷിക് ഉയര്‍ന്ന സ്ഥാനം തന്നെ നല്‍കുമെന്ന് ബോറിസ് ഉറപ്പ് നല്‍കിയതായി സ്ഥിരീകരിക്കാത്ത ചില വാര്‍ത്തകല്‍ വന്നിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ഒരു ഉടമ്ബടിയും ഉണ്ടായില്ല.

അതിനിടയില്‍, ഗ്രാന്‍ ഷാപ്സിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഋഷിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ഒരു ഒത്തു തീര്‍പ്പിനായി പെന്നി മോര്‍ഡൗണ്ടുമായി ബോറിസ് സംസാരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. എന്നാല്‍, താന്‍ പിന്മാറുകയാണെങ്കില്‍ തന്റെ ക്യാമ്ബിലുള്ള എം പിമാര്‍ ഋഷിക്കായിരിക്കും വോട്ട് ചെയ്യുക എന്ന് മോര്‍ഡൗണ്ട് ബോറിസിനെ അറിയിച്ചതായാണ് വിവരം.

പ്രമുഖ ബ്രെക്സിറ്റീര്‍, സ്റ്റീവ് ബേക്കര്‍ കൂടി ഋഷിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബോറിസ് ജോണ്‍സന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. തന്റെ പിന്തുണ ഋഷിക്കായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുക മാത്രമല്ല, ബോറിസിനെ ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിനെതിരെ അദ്ദേഹം പാര്‍ട്ടി എം പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ബോറിസിനും, അദ്ദേഹത്തിന്റെ ശൈലിക്കും പറ്റിയ ഒരു സാഹചര്യമല്ല ബ്രിട്ടനില്‍ നിലനില്‍ക്കുന്നത് എന്നായിരുന്നു സ്റ്റീവ് ബേക്കര്‍ പറഞ്ഞത്.

ബോറിസ് ജോണ്‍സണ്‍ പിന്മാറിയതോടെ, പേരിനെങ്കിലുമൊരു എതിരാളിയുള്ളത് പെന്നി മാര്‍ഡൗണ്ട് മാത്രമാണ്. ജയിക്കാനായിട്ടാണ് താന്‍ മത്സരിക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെങ്കിലും നാമനിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ആവശ്യമായ പിന്തുണ പോലും ഇതുവരെ സംഭരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക