തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ കെ റെയിലിനെ പുകഴ്‌ത്തികൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റ്. കെ-റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കേരള സര്‍ക്കാരിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കെ-റെയില്‍ വന്നാല്‍ വേര്‍തിരിവുകള്‍ മാറുമെന്നും പറഞ്ഞു കൊണ്ടുള്ള പോസ്റ്റ്.

തെക്കരാണോ വടക്കരാണോ മികച്ചതെന്ന ചര്‍ച്ചയും വാഗ്വാദങ്ങളും കാലങ്ങളായി നടക്കുന്നതാണ്. സോഷ്യല്‍ മീഡിയ പ്രബലമായതോടെ ചെറിയ ഇടവേളകളില്‍ വടക്കന്‍ നന്മയും തെക്കന്‍ ക്രൂരതയും കൗണ്ടറുകളും ട്രോളുകളും പൊങ്ങിവരും. എന്തിനേറെ തെക്കന്റെ സാമ്ബാറാണോ വടക്കന്റെ സാമ്ബാറാണോ മികച്ചതെന്ന് വരെ ആഴ്ചകളോളം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ 14 ജില്ലകള്‍ക്കും സ്വന്തമായ പ്രയോഗങ്ങളും ഭാഷാശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില നഗരങ്ങളില്‍ ജീവിത ചിലവ് കുറവായിരിക്കും. ചിലയിടത്ത് കൂടുതലായിരിക്കും. ഇതൊക്കെവെച്ച്‌ ഒരു ജില്ലക്കാര്‍ മികച്ചതും ഒരു ജില്ലക്കാര്‍ മോശമാണെന്നും ഒരിക്കലും പറയാന്‍ കഴിയില്ല. വൈവിധ്യങ്ങളാണ് നമ്മളെ വ്യത്യസ്തരാക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ ഓരോ ജില്ലയ്‌ക്കും അവകാശപ്പെടാനും അഭിമാനിക്കാനും ധാരാളം കാര്യങ്ങളുണ്ട്. ഇതൊക്കെ അറിയണമെങ്കില്‍ നമ്മള്‍ യാത്രചെയ്യണമെന്ന് കെ-റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന ഫെയ്സ്ബുക്ക് പേജില്‍ പറയുന്നു.

മണിക്കൂറുകള്‍ ട്രെയിനിലും റോഡിലും ചിലവാക്കി ഓള്‍ കേരള ടൂര്‍ നടത്താനൊന്നും പലര്‍ക്കും താല്‍പര്യമുണ്ടാകില്ല. സ്ഥിരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരിക്കും ചെയ്യുക. സില്‍വര്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജീവിത രീതിയെ അടുത്തറിയാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. തെക്കരും വടക്കരുമെന്നുള്ള വേര്‍തിരിവ് സില്‍വര്‍ലൈന്‍ വരുന്നതോടെ ഇല്ലാതാവും. എല്ലാ നാടുകളിലും എല്ലാവര്‍ക്കും അതിവേ​ഗം എത്തിച്ചേരാനാകും. വൈവിധ്യങ്ങള്‍ക്കിടയിലും നമ്മള്‍ക്കിടയിലുള്ള ഒത്തൊരുമയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നമ്മളെ വ്യത്യസ്തരാക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. അതേസമയം, ഒത്തുകിട്ടിയ ​ഗോള്‍പോസ്റ്റില്‍ ​ഗോളടിക്കാന്‍ നോക്കേണ്ട എന്നും അതിനിടയിലൂടെ കെ-റെയില്‍ പദ്ധതിയെ മഹത്വവല്‍ക്കരിക്കേണ്ട എന്നും ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ ജനങ്ങള്‍ പ്രതികരിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക