തിരുവനന്തപുരം: ആധുനിക ക്രിക്കറ്റിലെ അതികായനായ ബാറ്റര്‍ ‘കേരള കൊഹ്‌ലി’യെ കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ട ആരാധകരൊന്ന് പകച്ചു. ഒന്നുകൂടി നോക്കിയിട്ടും പിടികിട്ടാത്തവര്‍ അടുത്തെത്തി സൂക്ഷിച്ചു നോക്കി. അപ്പോ ദാ വന്നു മണിമണിയായി മലയാളം. ആരാധകരെ ശാന്തരാകുവിന്‍ ഞാന്‍ പാവമൊരു വയനാട്ടുകാരനാണെ! വിരാട് കൊഹ്‌ലിയോട് വലിയ രൂപ സാദൃശ്യമുള്ള പുല്‍പ്പള്ളി സ്വദേശിയായ രജീഷ് പറഞ്ഞു.

പിന്നെ ഇന്ത്യന്‍ ജഴ്സിയിലെത്തിയ അപരന്റെ ഫോട്ടോ പകര്‍ത്താനായി തിരക്ക്. കാര്യവട്ടത്തെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി-20 കാണാനുള്ള യാത്രയ്‌ക്കിടെയായിരുന്നു കൗതുക സംഭവങ്ങള്‍. വയനാട്ടില്‍ നിന്ന് ബസില്‍ കോഴിക്കോടെത്തി അവിടുന്ന് ട്രെയിനിലാണ് രജീഷ് തലസ്ഥാനത്തെത്തിയത്. വയനാട് ക്രിക്കറ്റ് അസോസിയേഷനാണ് ടിക്കറ്റ് തരപ്പെടുത്തിയത്, ചില മിമിക്രി വേദികളില്‍ തലകാണിച്ചതോടെയാണ് രജീഷിനെ ആള്‍ക്കാര്‍ തിരച്ചറിഞ്ഞു തുടങ്ങിയത്. സ്വന്തമായൊരു ട്രൂപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അനുകരണത്തിനാെപ്പം ചിത്രകാരനും കൂടിയാണ് രജീഷ്. പുല്‍പ്പള്ളിയിലെ കാര്‍ സ്പെയര്‍ പാര്‍ട്സ് കടയിലെ ജീവനക്കാരനാണ് ഈ മുപ്പതുകാരന്‍. ആശാരിയായ സുരേഷ് ബാബുവാണ് പിതാവ്, മാതാവ് ഉഷ, സഹോദരി രമ്യ. ടി.ടി.സിക്ക് പഠിക്കുന്ന ആര്യയാണ് ഭാര്യ.

ക്രിക്കറ്റ് അറിയില്ലാത്ത കൊഹ്‌ലി

ഒറിജിനല്‍ കൊഹ്‌ലി ക്രിക്കറ്റിലെ കിംഗാണെങ്കില്‍ കേരള കൊഹ്‌ലിക്ക് ക്രിക്കറ്റ് കളിക്കാനറിയില്ല. കൊവിഡ് കാലത്ത് കൊഹ്‌ലിയോട് രൂപ സാദൃശ്യമുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെയാണ് ക്രിക്കറ്റ് കാണാന്‍ പോലും തുടങ്ങിയത്. പിന്നീട് കൊഹ്‌ലിയുടെ സ്റ്റൈലും ഹെയര്‍കട്ടും മാനറിസവും രജീഷ് ഫോളോ ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ എല്ലാ മത്സരവും കാണും. ആദ്യമായാണ് ഒരു രാജ്യാന്തര മത്സരം നേരിട്ട് കാണാനെത്തുന്നത്. പറ്റിയാല്‍ കൊഹ്‌ലിയെ കണ്ട് ഒരു സെല്‍ഫിയെടുക്കണമെന്നാണ് ആഗ്രഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക