ഭാരത് ജോഡോ യാ​ത്രക്കിടെ രാഹുലിന്റെ അടുത്ത് എത്താനായതിന്റെ സന്തോഷം അടക്കാനാവാതെ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി. പെണ്‍കുട്ടിയെ ഒപ്പം ചേര്‍ത്തുപിടിച്ചും ഒപ്പം നടത്തിയലും രാഹുല്‍. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. നടന്‍ രമേശ് പിഷാരടിയും ഈ സമയം രാഹുലിന് ഒപ്പമുണ്ടായിരുന്നു. ഭാരത് ജോഡോ യാത്രയുടെ 20-ാം ദിവസത്തില്‍ മലപ്പുറം ജില്ലയില്‍ പ്രവേശിച്ചപ്പോ​ഴാണ് ആവേശകരമായ സംഭങ്ങളുണ്ടായത്.

മൂവര്‍ണക്കടല്‍ ഒരുക്കി കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകരില്‍ ആവേശത്തിന്‍റെ ആരവങ്ങള്‍ തീര്‍ത്താണ് രാഹുലിന്റെ യാത്ര മലപ്പുറം ജില്ലയില്‍ എത്തിയത്. കുന്തിപ്പുഴ കടന്ന് പുലാമന്തോള്‍ പാലം വഴി ജില്ലയില്‍ പ്രവേശിച്ച യാത്ര ചൊവ്വാഴ്ച രാവിലെ 6.15 ഓടെയാണ് തുടങ്ങിയത്. രാഹുല്‍ ഗാന്ധി എത്തുന്നതിനുമുമ്ബുതന്നെ മുദ്രവാക്യം വിളികളുമായി പ്രവര്‍ത്തകരുടെ നീണ്ട നിരയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കന്യാകുമാരിയില്‍നിന്ന് തുടങ്ങി 20 ദിനം പിന്നിട്ട് മലപ്പുറത്തേക്ക് പ്രവേശിച്ച ജാഥക്ക് കോണ്‍ഗ്രസിന്‍റെ വലിയ പതാകകളുമായി ആയിരങ്ങളുടെ ആരവാവേശം നിറഞ്ഞ പ്രഭാതത്തിലാണ് സ്വീകരണം നല്‍കിയത്. രാവിലെ 6.30ന് തീരുമാനിച്ച ജാഥ പറഞ്ഞതിലും മിനിറ്റുകള്‍ക്കുമുമ്ബ് തുടങ്ങി. ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ മുദ്രാവാക്യത്തില്‍ വെറുപ്പിന്‍റെയും വര്‍ഗീയതയുടെയും സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തുറന്നുകാട്ടിയും രാജ്യത്തെ ഒന്നിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന യാത്രക്ക് ഗംഭീര സ്വീകരണമായിരുന്നു എല്ലായിടത്തും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍, രമേശ് ചെന്നിത്തല, എം.പിമാരായ കെ. മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ജാഥയുടെ മുന്‍നിരയിലുണ്ടായിരുന്നു. എം.പിമാരായ ഇംറാന്‍ പ്രതാപ് ഗര്‍ഹി, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, അന്‍വര്‍ സാദത്ത്, ഷാഫി പറമ്ബില്‍, മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയ് എന്നിവരും രാവിലെ തുടക്കംമുതല്‍ കൂടെയുണ്ടായിരുന്നു. ജില്ലയിലേക്ക് പ്രവേശിച്ച ജാഥക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, നജീബ് കാന്തപുരം എം.എല്‍.എ എന്നിവര്‍ പുലാമന്തോളിലെത്തി. എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം എന്നിവര്‍ വിവിധയിടങ്ങളില്‍ സംബന്ധിച്ചു.

യാത്രയുടെ തുടക്കം മുതല്‍ പെരിന്തല്‍മണ്ണയിലേക്ക് നീളുന്ന റോഡിന്‍റെ ഇരുവശത്തും ഫോട്ടോ എടുക്കാനും കൈ കൊടുക്കാനും രാഹുലിനെ കാത്തുനില്‍ക്കുന്ന ജനക്കൂട്ടമായിരുന്നു എങ്ങും. ജാഥ കടന്നുപോകുന്നയിടങ്ങളിലെ വീടുകളില്‍നിന്നെല്ലാം അഭിവാദ്യങ്ങളുമായി സ്ത്രീകളും കുട്ടികളും ഇരുവശത്തും തടിച്ചുകൂടിയവരുമെല്ലാമായി ആവേശോജ്ജ്വലമായിരുന്നു ആദ്യദിനം. രാഹുലിന്‍റെ ഛായാചിത്രവുമായി കാത്തുനിന്നവരും നിരവധി. പാതയോരത്തുള്ളവര്‍ പലപ്പോഴും നിയന്ത്രണംവിട്ട് അടുത്തേക്ക് വരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അനൗണ്‍സ് മെന്‍റ് വാഹനം, പിന്നാലെ സേവാദള്‍ പ്രവര്‍ത്തകര്‍, ജാഥ ക്യാപ്റ്റനും നേതാക്കളും പ്രവര്‍ത്തകരും എന്ന രീതിയിലായിരുന്നു ക്രമീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക