കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ടും ശശി തരൂരും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരമാകും. രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്ന സാഹചര്യത്തില്‍ നെഹ്‌റു കുടുംബത്തിന്റെ നോമിനിയായായിരിക്കും ഗെഹ്‌ലോട്ട് മത്സരിക്കുക. അതേസമയം, സോണിയ ഗാന്ധിയെ നേരില്‍ കണ്ട തരൂര്‍ മത്സരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന പ്രമേയം വിവിധ സംസ്ഥാന പിസിസികള്‍ പാസാക്കുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍. നിലവില്‍ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബീഹാര്‍, തമിഴ്‌നാട്, ജമ്മു പിസിസികള്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. ഹിമാചല്‍ പിസിസി പ്രമേയം അവതരിപ്പിക്കാന്‍ ഇരിക്കെയാണ് രാഹുല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നത്. ഇതോടെയാണ് നെഹ്‌റു കുടുംബത്തിന്റെ നോമിയായി അധ്യക്ഷ സ്ഥാനത്തെക്കുള്ള മത്സരത്തിലേക്ക് അശോക് ഗെഹ്‌ലോട്ട് എത്തുന്നത്. നേരത്തെ സോണിയ ഗാന്ധി, ഗെഹ്‌ലോട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെഹ്‌റു കുടുംബത്തോട് ഏറ്റവും കൂടുതല്‍ കൂറ് പുലര്‍ത്തുന്ന നേതാവാണ് ഗെഹ്‌ലോട്ട്. 26ന് ഗെഹ്‌ലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തിരുത്തല്‍വാദി നേതാക്കളുടെ പൊതു സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നയാണ് ശശി തരൂര്‍. തരൂര്‍ മത്സരിക്കുന്നതില്‍ സോണിയ ഗാന്ധി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കോണ്ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് അശോക് ഗെഹ്‌ലോട്ട് -ശശി തരൂര്‍ മത്സരത്തിനും, അതിനുപരി നെഹ്‌റു കുടുംബ പക്ഷവും തിരുത്തല്‍ വാദി പക്ഷവും തമ്മിലുള്ള മത്സരത്തിനുമാകും വഴി തുറക്കുക.

കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയപ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് തരൂര്‍ സോണിയ ഗാന്ധിയെ കാണാനായി എത്തിയത്. അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ തള്ളിയിട്ടില്ല. ആര് മത്സരിച്ചാലും അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് തരൂര്‍ നേരത്തെ അഭിപ്രായപ്പെട്ടത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ താനും മത്സര രംഗത്തുണ്ടാകുമെന്ന സൂചന തരൂര്‍ നല്‍കിയിരുന്നു. പൊതുസ്ഥാനാര്‍ഥിയായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ശശി തരൂര്‍ താത്പര്യപ്പെടുന്നത്. ജി 23 നേതാക്കളുടെ പിന്തുണ തരൂരിന് ഉണ്ട്.

ഇന്ന്‌ മുതല്‍ എ.ഐ.സി.സി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ അവസരമുണ്ടാകും. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ മൂന്ന് ദിവസത്തിന് ശേഷം സ്വീകരിക്കാന്‍ തുടങ്ങും. ഒക്ടോബര്‍ 17നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാകണമെന്ന് ശശി തരൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വോട്ടര്‍മാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

തരൂർ മത്സരിക്കുമ്പോൾ ശ്രദ്ധാ കേന്ദ്രമാകുന്നത് കേരളവും ഗ്രൂപ്പ് സമവാക്യങ്ങളും

ശശി തരൂർ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ അദ്ദേഹം എത്ര വോട്ട് സമാഹരിക്കും എന്നുള്ളത് നിർണായകമാണ്. പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ശശിതരൂരിന് എത്ര വോട്ട് ലഭിക്കും എന്നതും പ്രധാനമാകുന്നു. ശശി തരൂർ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ കെ സുധാകരൻ അനുകൂലിച്ചിരുന്നു. ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നടന്നാൽ കേരളത്തിൽ നിന്നും മനസ്സാക്ഷി വോട്ട് ആയിരിക്കും ചെയ്യുക എന്നും കെപിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു.

കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തോട് അനുഭാവപൂർണമായ ഇരിക്കുമോ കേരളത്തിൽനിന്നുള്ള കെപിസിസി അംഗങ്ങളുടെ നിലപാട് എന്നതാണ് ശ്രദ്ധേയ വിഷയം. കേരളത്തിൽ രാഷ്ട്രീയ ഭേദമന്യേ ജന സ്വീകാര്യതയുള്ള നേതാവാണ് ശശി തരൂർ. അതുകൊണ്ടുതന്നെ തരൂരിന് വോട്ടു ചെയ്തില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ അത് കോൺഗ്രസുകാരുടെ മൂല്യത്തിന് ഇടിവ് വരുത്തും. രാഷ്ട്രീയത്തിനപ്പുറം പ്രതിച്ഛായയുള്ള ഒരു വ്യക്തിയെ സ്വീകരിക്കാനുള്ള പാർട്ടിയുടെ വിമുഖതയും ചർച്ചയാകും.

മുമ്പ് പിണറായി വിജയനെ അനുകൂലിച്ച് ശശിതരൂരിനെതിരെ ആദ്യഘട്ടത്തിൽ രൂക്ഷ പ്രതികരണം നടത്തിയിട്ടും പിന്നീട്സംസ്ഥാന നേതൃത്വത്തിന് പോലും പുറകോട്ടു പോകേണ്ടിവന്നത് തരൂരിന് സാമാന്യ ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത കൊണ്ടുമാത്രമാണ്. കേരളത്തിലെ കോൺഗ്രസിൽ ഇന്ന് അത്ര വ്യക്തമല്ലാത്ത ഗ്രൂപ്പ് സമവാക്യങ്ങൾ എങ്ങനെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നുള്ളതും രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന വിഷയമാണ്.

കെ സി വേണുഗോപാൽ പാർട്ടിയിൽ പിടിമുറുക്കുന്നതിനെ എതിർക്കുന്ന ഉമ്മൻചാണ്ടി വിഭാഗത്തിന് ഇത് വലിയ അവസരമാണ്. രമേശ് ചെന്നിത്തലയോടൊപ്പം നിൽക്കുന്നവരും തരൂരിനെ അനുകൂലിക്കാൻ ഉള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. കേരളത്തിലെ കോൺഗ്രസ് ഹൈക്കമാൻഡിന് പൂർണ്ണ വിധേയരായി അവിടെ പിടിപാടുള്ളവരുടെ ചൊൽപ്പടിക്കാർ ആകുകയില്ല എന്ന സന്ദേശവും തരൂരിനെ പിന്തുണച്ചാൽ കേന്ദ്രനേതൃത്വത്തിന് നൽകാൻ കഴിയും. വിജയത്തിൻ അപ്പുറം വിവിധ കോണുകളിൽ നിന്നുള്ള ഇത്തരം പിന്തുണയാണ് ദേശീയ തിരുത്തൽ വാദികളും കോൺഗ്രസിനുള്ളിൽ നേടാൻ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക