മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. പയ്യന്നൂരിലെ പെരിങ്ങയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ ഒന്നാം പ്രതിയാണ് അര്‍ജുന്‍ ആയങ്കി. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരില്‍ എത്തിച്ച്‌ തട്ടിയെടുക്കുക എന്നതായിരുന്നു പദ്ധതി. കേസില്‍ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കരിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്വേഷണവുമായി അന്യസംസ്ഥാനത്തും പൊലീസ് എത്തിയിരുന്നു. 2021-ല്‍ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്ന് വരുന്നത്. അന്ന് വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവത്തിന്റെ ദുരൂഹതകള്‍ തേടി നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അര്‍ജുന്‍ ആയങ്കി പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.

ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച്‌ സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സ്വാധീനമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ഡി വൈ എഫ് ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നിരുന്നു. അര്‍ജുന്‍ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അര്‍ജുന്‍ ആയങ്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക