തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ തുടരുന്നു. മലയോരമേഖലകളിലും അതിശക്ത മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പത്തനംതിട്ടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. അത്തിക്കയം സ്വദേശി റെജിയെയാണ് പമ്ബാനദിയില്‍ കാണാതായത്. ഇയാളെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.

വനമേഖലയില്‍ ട്രക്കിങ്ങ് നിരോധിച്ചു. വെള്ളറടയില്‍ മതില്‍ ഇടിഞ്ഞുവീണ് കാര്‍ നശിച്ചു. കോട്ടയത്തും മലയോരമേഖലയില്‍ കനത്തമഴ തുടരുകയാണ് ജില്ലയിലെ ഖനനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. മൂന്നിലവ് പഞ്ചായത്തിലെ ഇരിമാപ്രയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈദ്യുതി പോസ്റ്റുകളടക്കം കടപുഴകി വീണു. മൂലമറ്റം മലവെട്ടിയില്‍ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വനപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. താഴ്ന്ന ഇടങ്ങളില്‍ വെള്ളം കയറി. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. കൊല്ലം കുളത്തൂപ്പുഴയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് നിരവധി വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ട്രൈബല്‍ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ മാറ്റിപാര്‍പ്പിച്ചു. കുളത്തൂപ്പുഴ സ്റ്റാന്‍ഡില്‍ വെള്ളം കയറി.

കൊച്ചിയില്‍ നഗരത്തില്‍ എംജി റോഡില്‍ വന്‍ വെള്ളക്കെട്ടുണ്ടായി. കടകളിലേക്കും വെള്ളം കയറി. ചിറ്റൂര്‍ റോഡ്, കലൂര്‍, കതൃക്കടവ് പ്രദേശങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂക്ഷമായി. മഴയും വെള്ളക്കെട്ടും മൂലം ഹൈക്കോടതി നടപടികളും തടസ്സപ്പെട്ടു. 45 മിനുട്ടോളം വൈകിയാണ് ഹൈക്കോടതി നടപടികള്‍ ആരംഭിക്കാനായത്.

നാളെ വൈകീട്ടുവരെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതെന്ന് റവന്യൂമന്ത്രി കെ രാജന്‍ പറഞ്ഞു. അതിനുശേഷം വടക്കന്‍ കേരളത്തിലേക്ക് മഴ വ്യാപിക്കും. അഞ്ചാം തീയതിക്ക് ശേഷം മഴയുടെ ശക്തി കുറയുമെന്നാണ് അറിയിപ്പെന്നും മന്ത്രി പറഞ്ഞു.

രാത്രി ഏഴു മണി മുതല്‍ രാവിലെ ഏഴുമണിവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. മത്സ്യബന്ധനം, വനപ്രദേശത്തെ ട്രക്കിങ്ങ്, നദികളിലെ വിനോദസഞ്ചാരം എന്നിവ പാടില്ല. നാലു ജില്ലകളില്‍ എന്‍ഡിആര്‍എഫ് ടീമിനെ നിയോഗിച്ചു. കൂടുതല്‍ ടീം ഇന്നു വൈകുന്നേരം എത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ റവന്യൂമന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക