ആലപ്പുഴ: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടറും ഭാര്യയുമായ രേണുരാജില്‍ നിന്ന് ചുമതലയേറ്റെടുത്തു. രേണു രാജിന് എറണാകുളം ജില്ലാ കലക്ടറായാണ് പുതിയ നിയമനം. പുതിയ സ്ഥലംമാറ്റത്തോടെ ഇരുവരും അടുത്തടുത്ത ജില്ലകളിലാവും പ്രവര്‍ത്തിക്കുക.

ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് പതിനൊന്നരയോടെ കലക്ടറേറ്റിലെത്തി ചുമതലയേറ്റത്. കലക്ടറേറ്റിന് പുറത്ത് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.ആലപ്പുഴയെ കുറിച്ച്‌ പഠിച്ച്‌ വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പ്രതികരിച്ചു. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ജില്ലാ കലക്ടര്‍ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും ശ്രീറാം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. കലക്ടറായുള്ള നിയമനം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

നിയമനത്തില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച സെക്രടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം എല്‍ഡിഎഫില്‍ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിര്‍പ് ഉയര്‍ന്നിരുന്നു. ബഷീറിന്റെ കുടുംബത്തോട് ഇതുവരെ പരസ്യമായി മാപ്പ് പറയാന്‍ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ കലക്ടറാക്കിയതില്‍ വേദനയുണ്ടെന്നായിരുന്നു ലോക് താന്ത്രിക് ജനതാദള്‍ നേതാവ് സലീം മടവൂരിന്റെ വിമര്‍ശനം.

കൈയേറ്റക്കാര്‍ക്കെതിരെ നടപടികളിലൂടെ ശ്രദ്ധ നേടിയ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വണ്ടിയിടിച്ച്‌ കൊലപ്പെടുത്തിയതോടെയാണ് കരിയറില്‍ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്‌പെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെക്രടേറിയേറ്റിനകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാല്‍ ആലപ്പുഴ ജില്ലാ കലക്ടറായതോടെ ഇത് മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക