തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വീണ്ടും പട്ടിയെ കുളിപ്പിക്കല്‍ വിവാദം. എസ് പിയുടെ നിര്‍ദ്ദേശപ്രകാരം സസ്പെന്‍സ് ചെയ്ത പോലീസുകാരനെ അന്നു തന്നെ എ ഐ ജി സര്‍വീസില്‍ തിരിച്ചെടുത്തു. ടെലി കമ്യൂണിക്കേഷന്‍സിലെ പോലീസ് ഉദ്യോഗസ്ഥന്‍ ആകാശിനെതിരെ എടുത്ത സസ്പെന്‍ഷന്‍ നടപടിയാണ് സേനയില്‍ കനത്ത പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

ടെലികമ്യൂണിക്കേഷന്‍സ് എസ് പി നവനീത് ശര്‍മയുടെ ഗണ്‍മാനായ ആകാശിനായിരുന്നു കഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍. ഭക്തി വിലാസം റോഡിലെ ഒന്നാം നമ്ബര്‍ ക്വാര്‍ട്ടേഴ്സാണ് എസ്പിയുടെ വസതി. വീട്ടിലെ ജോലിക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി എസ് പിയുടെ ഗണ്‍മാനായ ആകാശിനോട് വളര്‍ത്തുനായ്ക്കളുടെ വിസര്‍ജ്യം നീക്കാനും അവയെ കുളിപ്പിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ആകാശ് ഇതിനു തയ്യാറായില്ല. പിന്നീട് ടെലികമ്യൂണിക്കേഷന്‍സ് എസ് ഐയെ വിളിച്ചു വരുത്തി എസ് പി നവനീത് ശര്‍മ ഗണ്‍മാനെതിരെ സ്പെഷല്‍ റിപ്പോര്‍ട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഡ്യൂട്ടിയിലില്ലാത്തപ്പോള്‍ എസ് പിയുടെ വസതിയിലേക്ക് കയറിയെന്നും ഇലട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. എസ് പി തന്നെ എസ്‌ഐക്ക് പറഞ്ഞു കൊടുത്ത് റിപ്പോര്‍ട്ട് എഴുതിച്ചെന്നും ആക്ഷേപമുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ നവനീത് ശര്‍മ തന്നെ സസ്പെന്‍ഷന്‍ ഓര്‍ഡറും പുറത്തിറക്കി. എന്നാല്‍ സംഭവം പരാതിയായി ഡിജിപിക്ക് മുന്നിലെത്തി. മണിക്കൂറുകള്‍ക്കകം സസ്പെന്‍ഷന്‍ റദ്ദാക്കി ആകാശിനെ സര്‍വീസില്‍ തിരിച്ചെടുത്ത് ഉത്തരവിറങ്ങി. പൊലീസ് ആസ്ഥാനം എ ഐ ജി അനൂപ് കുരുവിള ജോണാണ് തിരിച്ചെടുത്തുള്ള ഉത്തരവിറക്കിയത്. ആകാശിനെ മാതൃ യൂണിറ്റായ സിറ്റി എ ആറിലേക്കാണ് തിരിച്ചെടുത്തത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക