ന്യൂഡൽഹി: ജയിലിൽ കഴിയവേ 200 കോടി രൂപയുടെ തട്ടിപ്പു നടത്തിയ സുകാഷ് ചന്ദ്രശേഖർ ജയിൽ അധികൃതർക്ക് വ്യാപകമായി കൈക്കൂലി നൽകിയതായി ഇക്കണോമിക് ഒഫന്‍സസ് വിങ്ങി(ഇഒഡബ്ല്യൂ)ന്‍റെ കണ്ടെത്തൽ. ജയിലിനു പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതിന് അധികൃതർ ഫോണുകൾ അടക്കമുള്ള സൗകര്യങ്ങൾ ചെയ്‌തു കൊടുത്തതായും ഇഒഡബ്ല്യൂ കണ്ടെത്തി.

ഡല്‍ഹിയിലെ രോഹിണി ജയിലില്‍ കഴിയുന്ന സുകാഷ് ചന്ദ്രശേഖറില്‍നിന്ന് 81 ഉദ്യോഗസ്ഥര്‍ കൈക്കൂലി സ്വീകരിച്ചതായി ഇഒഡബ്ല്യൂ അന്വേഷണത്തിൽ കണ്ടെത്തി. കൈക്കുലി നൽകിയതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ കുറിപ്പും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ജയിൽ ജീവനക്കാരിൽനിന്നു ഭീഷണിയുള്ളതായും നിരന്തരം പണം ആവശ്യപ്പെടുന്നതായും സുകാഷ് ചന്ദ്രശേഖർ പരാതിപ്പെട്ടിരുന്നു. തിഹാർ ജയിലിൽ ആയിരിക്കേ ജീവനക്കാർ തന്റെ പക്കൽനിന്ന് രണ്ടുവർഷത്തിനുള്ളിൽ 12.5 കോടി രൂപ തട്ടിയതായും ഇയാൾ ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുകാഷ് ചന്ദ്രശേഖരിന്റെ അടുത്ത സഹായി പൂജ സിങ്ങിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തിരുന്നു. സുകാഷിന് ആവശ്യമായ സഹായങ്ങൾ ചെയ്‌തിരുന്നത് പൂജ ആണെന്നു സുകാഷിന്റെ നിർദേശപ്രകാരം പൂജ ജയിൽ ജീവനക്കാരെയും മറ്റും സ്വാധീനിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തിഹാർ ജയിലിൽ കഴിയവേ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ്ങിന്റെ കൈയില്‍നിന്ന് ഭര്‍ത്താവിനു ജാമ്യം നേടിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി 200 കോടി രൂപയോളം തട്ടിച്ച കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുകാഷിനെയും ഭാര്യ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്‌ത‌ത്.

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരെന്നു തെറ്റിദ്ധരിപ്പിച്ച് ‘സ്പൂഫ് കോള്‍’ നടത്തിയാണ് സുകാഷ് ഇത്രയധികം തുക തട്ടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അജയ് ഭല്ല, രാജ്യത്തിന്റെ നിയമ സെക്രട്ടറി അനൂപ് കുമാര്‍, നിയമമന്ത്രാലയ ഉദ്യോഗസ്ഥന്‍ അഭിനവ് എന്നിവരാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് സുകാഷ്, അതിഥിയെ കബളിപ്പിച്ചത്. അതിഥി സുകാഷിന്റെ നിരവധി ഇരകളില്‍ ഒരാള്‍ മാത്രമാണെന്നാണ് ഇഡിയുടെ നിഗമനം. നിരവധി വമ്പന്മാരെ കബളിപ്പിച്ച് കോടികളാണ് സുകാഷ് സമ്പാദിച്ചിരുന്നത്.

‘സ്പൂഫ് കോള്‍’ നടത്തി ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസുമായും ഇയാൾ അടുപ്പം സ്ഥാപിച്ചിരുന്നു. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകാഷ് നടിക്കു വാക്ക് നൽകിയിരുന്നു. അതിഥി സിങ്ങിന്റെ കയ്യിൽനിന്ന് തട്ടിയ പണം ഉപയോഗിച്ച് നടിക്കു സുകാഷ് കോടിക്കണക്കിനു രൂപ വില വരുന്ന സമ്മാനങ്ങൾ വാങ്ങി നൽകിയിരുന്നതായും കണ്ടെത്തിയിരുന്നു. സുകാഷുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു.

ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽനിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013ലാണു ലീനയും സുകാഷും അറസ്റ്റിലായത്. അന്ന് 9 ആഡംബര കാറുകളും തോക്കുകളുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും തട്ടിപ്പു തുടർന്നു. ഇതിനിടെയാണ്, രണ്ടില ചിഹ്നം നിലനിർത്താൻ ശശികലയെയും സംഘത്തെയും സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് 50 കോടി തട്ടിയത്. സാമ്പത്തിക തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ പിന്നീടുള്ള തട്ടിപ്പ്.

പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കുന്ന ടെൻഡർ, ക്വട്ടേഷൻ പരസ്യങ്ങൾ തിരഞ്ഞു കണ്ടെത്തുകയാണ് ആദ്യപടി. തുടർന്ന് പരസ്യത്തിൽ ഒപ്പുവച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്‌ഥനെന്ന പേരിൽ കമ്പനി ഉടമകളെ ഫോണിൽ ബന്ധപ്പെട്ട് കരാർ നൽകാമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. അനധികൃത സ്വത്തിനെതിരെ ക്രിമിനൽ നടപടികൾക്കു സാധ്യതയുണ്ടെന്നും രക്ഷിക്കാമെന്നും ഓഫർ നൽകി വ്യവസായികളിൽനിന്നു പണം തട്ടിയിരുന്നതും ജയിലിൽ കിടന്നു തന്നെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക