മുംബൈ: മഹാരാഷ്ട്രയിലെ വിമത ശിവസേനാ എംഎല്‍എമാരെ ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യരാക്കുന്നതിനെതിരായി ഏക്‌നാഥ് ഷിന്‍ഡെ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അയോഗ്യരാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷിന്‍ഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎല്‍എമാര്‍ക്ക് മഹാരാഷ്ട്ര നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരുന്നു. തിങ്കളാഴ്ചക്കകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസിലെ നിര്‍ദേശം. ഇതിനിടെയാണ് ഷിന്‍ഡെ ക്യാമ്ബ് സുപ്രീംകോടതിയെ സമീപിച്ചത്. ശിവസേന ഉദ്ധവ് വിഭാഗത്തിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത് കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വിയും, ഏക്നാഥ് ഷിൻഡെയ്ക്ക് വേണ്ടി ഹാജരാകുന്നത് രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ അഭിഭാഷകനായ ഹരീഷ് സാൽവെയുമാണ് എന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ, മുംബൈ ബോംബാക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരുമായും ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ളവരുമായി എങ്ങനെ ബാലാ സാഹേബ് താക്കറയുടെ ശിവസേനയ്ക്ക് കൂട്ടുകൂടാന്‍ കഴിയുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ ചോദിച്ചു. ഹിന്ദുത്വക്ക് വേണ്ടി മരിക്കേണ്ടി വന്നാലും അത് തങ്ങളുടെ വിധിയാണെന്ന് കരുതുമെന്നും ഗുവാഹത്തിയില്‍ നിന്നും ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഷിന്‍ഡെക്കൊപ്പം ചേര്‍ന്ന ശിവസേനാ മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്ദവ് താക്കറെയെ ചുമതലപ്പെടുത്തിയതായി എന്‍സിപി തലവന്‍ ശരദ് പവാര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ നടപടിയുണ്ടാവും. സംസ്ഥാനത്ത് ഇപ്പോള്‍ ഒരു രാഷ്ട്രപതി ഭരണത്തിന് സാധ്യതയില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തിനാണ് ഗുവാഹത്തിയില്‍ തുടരുന്നതെന്നും പവാര്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക