തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി.യുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് തകർത്ത് വാഴ നട്ട സംഭവത്തിൽ രാഹുലിനെതിരെ പരിഹാസവുമായി പി.വി. അൻവർ എം.എൽ.എ. വാഴ നടുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ വിശദീകരിച്ചാണ് എം.എൽ.എയുടെ പോസ്റ്റ്.
രാഹുൽ ഗാന്ധിയെ നട്ടെല്ലില്ലാത്ത വാഴയോടുപമിച്ചാണ് എസ്.എഫ്.ഐക്കാർ രാഹുലിന്റെ ചിത്രം കെട്ടിത്തൂക്കിയ വാഴ എം.പി ഓഫിസിലെ കസേരയിൽ സ്ഥാപിച്ചത്. ഇത് വൻ വിവാദമാകുന്നതിനിടെയാണ് രാഹുലിനെ പരിഹസിച്ച് അൻവറും രംഗത്തുവന്നത്.

‘വാഴ കൃഷി: അറിയേണ്ടതെല്ലാം’ എന്ന തലക്കെട്ടിലുള്ള കുറിപ്പാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും, വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം, ഏത്തവാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം, വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇട്ടാൽ മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും’ തുടങ്ങിയ പൊടി​ക്കൈകളും കുറിപ്പിൽ പറയുന്നുണ്ട്.
‘സാമകാലീന സാഹചര്യങ്ങളുമായി ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല. ആർക്കെങ്കിലും അങ്ങനെ തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം. ചില പ്രത്യേക ജീവികൾ ഈ പോസ്റ്റിൽ വന്ന് കിടന്ന് കയറുപൊട്ടിക്കുന്നുണ്ട്‌. അവർക്ക്‌ പ്രയോജനപ്പെടുന്ന പുല്ല് കൃഷിയേ സംബന്ധിച്ചുള്ള ആർട്ടിക്കിളും ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും..’ എന്നും അൻവർ കുറിപ്പിന് താഴെ കമന്റുചെയ്തിട്ടുണ്ട്.
അതിനിടെ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും എസ്.എഫ്.ഐ അക്രമത്തെ അപലപിച്ച് രംഗത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പി.വി. അൻവറിന്റെ ഫേസ്ബുക് പോസ്റ്റ്

വാഴ കൃഷി: അറിയേണ്ടതെല്ലാം..
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.
വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.
വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.
നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 – 20 ദിവസത്തിനുള്ളില്‍ നടണം.
മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം
.ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.
അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.
വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.
വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.
വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.
വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.
ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക എന്നിങ്ങനെ..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക