കൊച്ചി: 55തരം പെന്ഷന് നല്കാന് പ്രതിമാസം സംസ്ഥാനം ചെലവിടുന്നത് 1500 കോടിയോളം രൂപ. 1453.65 കോടി രൂപ പെന്‍ഷനും 45.5 കോടി രൂപ കുടിശ്ശികയും ചേര്‍ത്ത് 1499.155 കോടിയാണ് കഴിഞ്ഞ ജനുവരിയില്‍ വിതരണം ചെയ്തതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ ട്രഷറി വകുപ്പ് വ്യക്തമാക്കി.
സര്‍ക്കാര്‍ സര്‍വിസിലുള്ള പിരിഞ്ഞുപോയവരുടെ പ്രതിമാസ പെന്ഷന് 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് കുടിശ്ശികയും പെന്‍ഷനും ചേര്‍ത്ത് നല്കാന് 1254.17 കോടിയാണ് ആവശ്യമായി വന്നത്. ആശ്രിത പെന്ഷന് കൈപ്പറ്റുന്ന 1,43,862 പേരുണ്ട്. ഇവര്‍ക്ക് പെന്ഷന് നല്കാന് പ്രതിമാസം 230.75 കോടിയാണ് ആവശ്യം. 2022 മാര്‍ച്ച് കുടിശ്ശിക കൂടി ചേര്‍ത്ത് നല്കിയതിനാല് ആശ്രിത പെന്‍ഷനുവേണ്ടി 244.09 കോടി നല്കി.
ഭര്‍ത്താവും ഭാര്യയും സര്‍ക്കാര്‍ ജീവനക്കാര്‍ ആകുകയും ഇവരില്‍ ഒരാള്‍ പെന്ഷന് കൈപ്പറ്റിക്കൊണ്ടിരിക്കെ മരണപ്പെടുകയും ചെയ്താല്‍ ജീവിച്ചിരിക്കുന്ന വ്യക്തിക്ക് മരിച്ച വ്യക്തിയുടെ കൂടി പെന്ഷന് അര്‍ഹതയുണ്ടെന്നും വിവരാവകാശ മറുപടിയില്‍ ധനവകുപ്പ് വ്യക്തമാക്കുന്നു. കേവലം ആറുവര്‍ഷം പി.എസ്.സി അംഗമായും ചെയര്‍മാനായും പൂര്‍ത്തിയാക്കിയവര്‍ക്ക് പെന്ഷന് നല്കാന് പ്രതിമാസം 27,91,960 രൂപ ചെലവാക്കുന്നു.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിന് 63.74 ലക്ഷം രൂപ പെന്ഷന്, 2.6 ലക്ഷം കുടിശ്ശിക എന്നിവ ചേര്‍ത്ത് 66.36 ലക്ഷം രൂപ പെന്ഷന് ജനുവരിയില്‍ നല്‍കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ എം.കെ. ഹരിദാസ് നല്കിയ അപേക്ഷയിലെ മറുപടിയിലാണ് കണക്കുകളുള്ളത്.