തൃശൂര്‍: മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ പിന്തുണച്ച്‌ തൃശൂര്‍ അതിരൂപതയുടെ മുഖപത്രം. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും നിശബ്ദരാക്കാനുമാണ് അധികാരികള്‍ വ്യഗ്രത കാണിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച്‌ ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തത്. മതരാഷ്ട്രീയ തീവ്രവാദ ശക്തികള്‍ കൊലവിളി നടത്തുമ്ബോള്‍ രാഷ്ട്രീയ കക്ഷികളുടെ നിശബ്ദത സംശയം ജനിപ്പിക്കുന്നതായും മുഖപ്രസം​ഗത്തില്‍ പറയുന്നു.

വോട്ടിന് വേണ്ടി സര്‍ക്കാ‍ര്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും കത്തോലിക്ക സഭയുടെ മുഖപത്രത്തില്‍ പറയുന്നു. വര്‍ഗീയ കലാപം ബോധപൂര്‍വം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സംശയം ബലപ്പെടുന്നെന്നും കേരളത്തില്‍ തീവ്രവാദ നിലപാടുകള്‍ അപകടകരമായ നിലയിലേക്ക് വളരുകയാണെന്നും മുഖപ്രസം​ഗത്തിലുണ്ട്. വോട്ടിന് വേണ്ടി തീവ്രവാദം കണ്ടില്ലെന്ന് നടിക്കുന്നതും അപകടം ക്ഷണിച്ചു വരുത്തുെമന്നും മുഖപ്രസം​ഗം ആരോപിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യത്തെക്കുറിച്ചും മുഖപ്രസം​ഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കുട്ടികളെ പോലും സാമുദായിക സ്പര്‍ധ പരിശീലിപ്പിക്കുന്നു. തീവ്രവാദത്തിനെതിരായ ജാഗ്രത ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വങ്ങളും പുലര്‍ത്തുന്നില്ല.രാഷ്ട്രീയ നേതൃത്വങ്ങളിലും ഉദ്യോഗതലത്തിലും മാധ്യമരംഗത്തും തീവ്രവാദ സംഘങ്ങള്‍ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. മയക്കുമരുന്ന് വ്യാപാരവും തീവ്രവാദ നിലപാടുകളും തഴച്ചു വളരുമ്ബോള്‍ അത് ഭാവിയെ അപകടത്തിലാക്കുമെന്നും കത്തോലിക്കാസഭ മുഖപ്രസം​ഗത്തില്‍ പറയുന്നു.

അതേസമയം, വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി സി ജോര്‍ജ് ഇന്ന് ഫോര്‍ട്ട് സ്റ്റേഷനില്‍ ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജിയ്ക്ക് മുന്നിലാണ് ഹാജരാകുക. രാവിലെ 11 മണിക്ക് ഹാജരാകാനാണ് പി സിക്ക് പൊലീസ് നോട്ടീസ് അയച്ചത്. പറഞ്ഞ സമയത്ത് സ്റ്റേഷനില്‍ എത്തുമെന്ന് പിസി അറിയിച്ചിരുന്നു. മെയ് 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പിസി തൃക്കാക്കരയിലേക്കാണ് പോയത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഹാജരാകാന്‍ സാവകാശം ആവശ്യപ്പെട്ട് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തയച്ച ശേഷമായിരുന്നു തൃക്കാക്കരയ്ക്ക് യാത്ര തിരിച്ചത്. എന്നാല്‍ ഇതില്‍ ജാമ്യ ഉപാധിയുടെ ലംഘനം നടന്നിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്, ഹാജരാകാന്‍ പി സിക്ക് പൊലീസ് വീണ്ടും നോട്ടീസ് നല്‍കിയത്. തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു പി സി ജോര്‍ജ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക