കൊച്ചി: തൃക്കാക്കരക്കാര്‍ എഴുതിയ ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ശക്തമായ പ്രചരണം കാഴ്ചവെച്ച മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. യുഡിഎഫ് കോട്ട നിലനിര്‍ത്തുമോ? ഇടതുമുന്നണി നൂറ് തികയ്ക്കുമോ? ബിജെപി ഇടം പിടിക്കുമോ? 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്ബോള്‍ അറിയാം രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഫലം.

രാവിലെ 7.40 ഓടുകൂടി സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്ട്രോങ് റൂമില്‍ നിന്ന്‌ വോട്ടിങ് യന്ത്രം പുറത്തെടുക്കും. എട്ടു മണിയോടെ എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ അര മണിക്കൂറിനുള്ളില്‍ തന്നെ വന്നു തുടങ്ങും. പകല്‍ പതിനൊന്നോടെ അന്തിമഫലം പ്രഖ്യാപിക്കാനാകും. പോസ്റ്റല്‍ സര്‍വീസ് ബാലറ്റാണ്‌ ആദ്യം എണ്ണുക. ആറ്‌ തപാല്‍വോട്ടും 83 സര്‍വീസ് വോട്ടുമാണുളളത്. തപാല്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞശേഷം ക്രമമനുസരിച്ച്‌ ബൂത്തുകള്‍ എണ്ണി തുടങ്ങും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക. ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്ബോള്‍ തന്നെ ഏകദേശ ഫലം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. തുടര്‍ന്ന് മാമംഗലം, പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന, വെണ്ണല പ്രദേശത്തെ 21 ബൂത്തുകള്‍. എട്ടാംറൗണ്ടിലാണ്‌ കൊച്ചി കോര്‍പറേഷനില്‍ ഉള്‍പ്പെടുന്ന ബൂത്തുകള്‍ (166) പൂര്‍ത്തിയാകുക. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. 11 റൗണ്ടുകളിലും 21 ബൂത്തു വീതമാണ്‌ എണ്ണുക.

വോട്ടണ്ണല്‍ കേന്ദ്രത്തില്‍ 21 ടേബിളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു ടേബിളില്‍ സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍, സൂക്ഷ്മനിരീക്ഷകന്‍ എന്നിവര്‍ ഉണ്ടാകും. ഒരു ടേബിളില്‍ സ്ഥാനാര്‍ഥികളുടെ ഓരോ ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാര്‍ഥികള്‍ എന്നിവരും ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്‌, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്‌, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്‌ണന്‍ എന്നിവരുള്‍പ്പെടെ എട്ട്‌ സ്ഥാനാര്‍ഥികളാണ്‌ മത്സരരംഗത്തുണ്ടായിരുന്നത്‌. 68.77ശതമാനമായിരുന്നു പോളിങ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക