കേരളമെമ്പാടും ഉള്ള കോൺഗ്രസ് പ്രവർത്തകർ ഒന്നല്ലെങ്കിൽ മറ്റൊരുവിധത്തിൽ തൃക്കാക്കര തിരഞ്ഞെടുപ്പിൽ പങ്കാളികളായിരുന്നു. കെപിസിസി പ്രസിഡൻറ് കെ സുധാകരന്റെ നിർദ്ദേശമനുസരിച്ച് സംസ്ഥാനത്തെമ്പാടും ഉള്ള കോൺഗ്രസ് പ്രവർത്തകർ തങ്ങൾക്ക് ഏതെങ്കിലും നിലയിൽ സ്വാധീനിക്കാൻ സാധിക്കുന്ന വോട്ടുകൾ തൃക്കാക്കരയിൽ ഉണ്ടെങ്കിൽ അത്തരം വോട്ടുകൾ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതുപോലെതന്നെ സംസ്ഥാനത്തെ മുൻനിര നേതാക്കളും രണ്ടാംനിര നേതാക്കളും വിവിധ ചുമതലകൾ പാർട്ടി നേതൃത്വം നിർദ്ദേശിച്ചതനുസരിച്ച് തൃക്കാക്കര നിയോജക മണ്ഡലത്തിൽ ഏറ്റെടുത്താണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. ഒരു നാഗരിക നിയോജകമണ്ഡലം എന്ന നിലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നു താമസിക്കുന്ന ഒരുപാട് വോട്ടർമാർ തൃക്കാക്കരയിൽ ഉണ്ട്.

പുതു നേതൃത്വത്തിനൊപ്പം നിന്ന് കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ ആവിഷ്കരിച്ച ഉമ്മൻചാണ്ടിയിൽ നിന്ന് ആരംഭിക്കുന്നു തൃക്കാക്കരയിലെ കോട്ടയം സാന്നിധ്യം. മുൻ മന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ സി ജോസഫ് എന്നീ നേതാക്കൾ ഭവന സന്ദർശനം, ഹൗസ് കൺവെൻഷൻ, പൊതു പ്രചരണ മീറ്റിങ്ങുകൾ എന്നിങ്ങനെ പ്രചരണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ കാണാൻ സാധിച്ചത്. കൊച്ചി കോർപ്പറേഷനിലെ ഇടതു പ്രാമുഖ്യമുള്ള വെണ്ണല ഡിവിഷൻ ചുമതല പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഏൽപ്പിച്ചത് കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷിനെ ആണ്. കെപിസിസി ഭാരവാഹികളായ പി എ സലിം, ജോസി സെബാസ്റ്റിൻ എന്നിവരും വിവിധ ബൂത്തുകളുടെ ഏകോപന ചുമതല നിർവഹിച്ച തൃക്കാക്കരയിൽ കോട്ടയത്തെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് നിറസാന്നിധ്യമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷ് തനിക്ക് ചുമതലയുള്ള വെണ്ണല മേഖലയിൽ ഭവനസന്ദർശനം ഉൾപ്പെടെയുള്ള പ്രചരണ പരിപാടികൾ നടത്താൻ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയ്ക്കായി കോട്ടയത്തുനിന്ന് ഒരു പ്രവർത്തക സംഘത്തെ ഒരാഴ്ചക്കാലം എല്ലാദിവസവും തൃക്കാക്കരയിൽ എത്തിച്ചിരുന്നു. രാവിലെ ഏഴരയ്ക്ക് മണ്ഡലത്തിൽ എത്തുന്ന ഇവർ പല ദിവസങ്ങളിലും മണ്ഡലം വിട്ടു പോയിരുന്നത് അർധരാത്രിക്ക് ശേഷമാണ്. വെണ്ണല മേഖലയിലെ എല്ലാ ഭവനങ്ങളിലും സന്ദർശനം നടത്തി തോമസിന് വേണ്ടി വോട്ട് അഭ്യർത്ഥിക്കാൻ കോൺഗ്രസ് യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ പ്രതിനിധികളാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരോടൊപ്പം അണിനിരന്നത്.

കോട്ടയത്തുനിന്ന് നേതാക്കളും പ്രവർത്തകരും എത്തിയതുപോലെ സമാനരീതിയിൽ എറണാകുളത്തിന് സമീപ ജില്ലകളിൽ നിന്നെല്ലാം നേതാക്കളും പ്രവർത്തകരും തൃക്കാക്കരയിലേക്ക് എത്തിയിരുന്നു. പാർട്ടി നേതൃത്വം നിർദ്ദേശിച്ചത് അനുസരിച്ച് എത്തിയവരെ കൂടാതെ പിടി തോമസ് എന്ന നേതാവിനോടുള്ള വൈകാരിക ബന്ധത്തിൻറെ പേരിലും സ്വയം സന്നദ്ധരായി ഒരുപാട് ആളുകൾ യുഡിഎഫിനു വേണ്ടി തൃക്കാക്കരയിൽ പ്രവർത്തനത്തിന് ഇറങ്ങി. അതുകൊണ്ടുതന്നെയാണ് ഒരു ഉപതെരഞ്ഞെടുപ്പു വിജയം എന്നതിനപ്പുറം തൃക്കാക്കരയിൽ നേടിയ ഉജ്ജ്വല വിജയം കേരളമെമ്പാടും ഉള്ള കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി മാറുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക