കൊച്ചി: വധഭീഷണിക്കോ അധിക്ഷേപങ്ങള്‍ക്കോ ഒരുമിച്ചു ജീവിക്കാനുള്ള തങ്ങളുടെ തീരുമാനത്തെ മാറ്റാനാകില്ലെന്ന് അടിവരയിടുകയാണ് ആദില നസ്രിനും (22) ഫാത്തിമ നൂറയും (23). വീട്ടുകാര്‍ അകറ്റിയെങ്കിലും നീതിപീഠം ഒരുമിപ്പിച്ചതിന്റെ ആശ്വാസമുണ്ട് ഇരുവര്‍ക്കും. ഒന്നരവര്‍ഷമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു ആദില. ഗൂഗിളും യു ട്യൂബും വഴികാട്ടി. മനുഷ്യാവകാശപ്രവര്‍ത്തക ധന്യ മാര്‍ഗദര്‍ശിയായി.

പഠനകാലത്തു തന്നെ സ്‌പോക്കണ്‍ ഇംഗ്ളീഷ് ക്ളാസു നടത്തി ഇരുവരും പണം സമ്ബാദിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. ആധാറുള്‍പ്പെടെ രേഖകള്‍ വീട്ടുകാരുടെ കൈവശമാണ്. അത് ലഭിച്ചാലുടന്‍ നാടുവിടും. ഇനി വീട്ടുകാരുമായി യാതൊരു ബന്ധവുമില്ലെന്നും ഇരുവരും പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രണയം സൗദിയില്‍

സൗദി അറേബ്യന്‍ സ്‌കൂളിലെ പ്ളസ് വണ്‍ പഠനത്തിനിടെയാണ് നസ്രിന്റെയും നൂറയുടെയും സൗഹൃദം പ്രണയമായത്. എന്നാല്‍ മക്കളുടെ സൗഹൃദത്തില്‍ കളങ്കം കണ്ടെത്തിയ രക്ഷിതാക്കള്‍ ഇരുവരെയും നാട്ടിലേക്കയച്ചു. ഡിഗ്രി കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് ഉപ്പയ്ക്ക് ഉറപ്പ്നല്‍കിയതിനെ തുടര്‍ന്നാണ് ആലുവ സ്വദേശിയായ ആദിലയെ കോളേജില്‍ ചേര്‍ത്തത്. കോഴിക്കോട് താമരശേരി സ്വദേശിയായ നൂറ നാട്ടില്‍ ബി.എ ഇംഗ്ളീഷിനും ചേര്‍ന്നു.

ഡിഗ്രി ഫലത്തിനു പിന്നാലെ മേയ് 19ന് ആദില നൂറയെ തേടി കോഴിക്കോട്ടെത്തി. നൂറയുടെ ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ആദിലയുടെ ബന്ധുക്കള്‍ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലെത്തിച്ചു. 24ന് നൂറയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച്‌ കൂട്ടിക്കൊണ്ടുപോയി. ചെറുത്ത ഇരുവര്‍ക്കും മര്‍ദ്ദനമേറ്റു. ആദില വീട്ടില്‍ നിന്നു പുറത്തായി.

രക്ഷകനായി കോടതി

28ന് ആദില ബിനാനിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 30ന് വൈകിട്ട് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് നൂറയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഒരുമിച്ചു ജീവിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വീട്ടുകാര്‍ രേഖാമൂലം നല്‍കിയ അറിയിപ്പ് പൊലീസ് ഹാജരാക്കി. ഒരുമിച്ചു ജീവിക്കാനാണ് താത്പര്യമെന്ന് ഇരുവരും അറിയിച്ചതോടെ കോടതി നൂറയെ ആദിലയ്‌ക്കൊപ്പം വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക