തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാൻ സർക്കാർ തീരുമാനം. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര പട്ടികയില്‍ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്തും. പേരും വയസും സ്ഥലവും ഇന്ന് മുതല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലാണ് സര്‍ക്കാര്‍ പേരുകള്‍ പുറത്തു വിടുന്നത് നിര്‍ത്തിയത്. മരണ പട്ടിക വിവാദമായതോടെയാണ് സര്‍ക്കാര്‍ പേരുകള്‍ നല്‍കുന്നത് നിര്‍ത്തിയത്.

കൊവിഡ് മരണ കണക്കിനെച്ചൊല്ലി സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്. പട്ടിക പുനപ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പ്രതിപക്ഷം കണക്കുകള്‍ ശേഖരിച്ച്‌ പട്ടിക പുറത്തുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എല്ലാം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചാണെന്നും ഇതുവരെ വ്യാപക പരാതികളുണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര മാര്‍ഗനിര്‍ദേശത്തില്‍ പോരായ്മകളുണ്ടെന്ന നിലപാടും നിലവില്‍ സര്‍ക്കാരിനില്ല. നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക