തൃശൂര്‍: സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം ‘നിഗൂഢ’ റേഷന്‍ കാര്‍ഡുകള്‍. അനര്‍ഹരും വ്യാജരും ഉള്‍ക്കൊള്ളുന്ന, ആധാറുമായി ബന്ധിപ്പിക്കാത്ത കാര്‍ഡ് ഉടമകളെ കണ്ടെത്താന്‍ കെണി ഒരുക്കുകയാണ് പൊതുവിതരണ വകുപ്പ്. ഒരുമാസത്തെ സമയം നല്‍കിയിട്ടും നല്ലൊരു ശതമാനം പേര് അനര്‍ഹമായ കാര്‍ഡുകാര്‍ മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റാന്‍ തയാറായിട്ടില്ല.ഇതിന് പിന്നാലെയാണ് പൊതുവിതരണ വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്.
നാലുചക്ര വാഹനമുള്ളവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍, അവര്‍ക്ക് വേതനം ലഭിക്കുന്ന സ്പാര്‍ക്കിലൂടെ വിവരങ്ങള്‍ ശേഖരിച്ച് അനര്‍ഹരെ കണ്ടെത്തും. ഈ രണ്ടുനടപടികള്ക്കും അനുമതി തേടി പൊതുവിതരണ വകുപ്പ് സര്‍ക്കാറിന് കത്തയച്ചു.
അതേസമയം, റേഷന്‍ ഗുണഭോക്താക്കളായ മുന്‍ഗണന പട്ടികക്കാരില് ഇടം ലഭിക്കാന്‍ രണ്ടുലക്ഷത്തോളം അപേക്ഷകളാണ് വിവിധ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചത്. ഇതില്‍ 1.29 ലക്ഷം പേര് അര്‍ഹരാണെന്ന് കണ്ടെത്തി. ഒന്നാം പിണറായി സര്‍ക്കാറിെന്റ അവസാന ഘട്ടത്തില്‍ നടത്തിയ സാന്ത്വന സ്പര്‍ശം അദാലത്തില്‍ ഏറ്റവും അര്‍ഹരായ റേഷന്‍ കാര്‍ഡുകാരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇവരെ പോലും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരുമാസം കൊണ്ട് 66,000 അനര്‍ഹരാണ് മുന്‍ഗണന വിഭാഗത്തില്‍നിന്ന് പുറത്തായത്. ഓരോ റേഷന്‍ വ്യാപാരിയും 10 അനര്‍ഹരായ കാര്‍ഡ് ഉടമകളെ കണ്ടെത്തി വിവരം നല്‍കണമെന്ന് അനൗദ്യോഗിക നിര്‍ദേശമുണ്ട്.