തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധയെയും കോവിഡ് പ്രതിസന്ധിയെയും തുടര്‍ന്ന് ആത്മഹത്യ ചെയ്തത് 34 പേര്. രോഗഭീതിക്കു പുറമെ കോവിഡ് മൂലമുള്ള സാമ്ബത്തികപ്രയാസം മൂലം ആത്മഹത്യ ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. രോഗഭീതി മൂലം കൂടുതല്‍ പേരും ജീവനൊടുക്കിയത് ഒന്നാം തരംഗ കാലത്താണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒറ്റ ദിവസം രണ്ട് ആത്മഹത്യകളില്‍ കേരളം ഞെട്ടിയതും ഇക്കാലയളവിലാണ്. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം രോഗഭീതിയില്‍ ആത്മഹത്യചെയ്തവരുമുണ്ട്. ഒറ്റപ്പെടല്‍, രോഗത്തിന്റ ദുരിതങ്ങളും പ്രയാസവും, മരിക്കുമോ എന്ന പേടി, കോവിഡ് ന്യുമോണിയ ഭീതി, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്ഠ, ഉറ്റവരെക്കുറിച്ചുള്ള ചിന്തകള്‍, രോഗം പകരുമോ എന്ന ആശങ്ക എന്നിവയെല്ലാം കാരണമായിട്ടുണ്ട്.മഹാമാരി ആളുകളുടെ ദൈനംദിന ജീവിതത്തിന്റ താളംതെറ്റിച്ചപ്പോള്‍ ചെറിയ ഒരു വിഭാഗത്തെ അത് മാനസികമായും ബാധിച്ചന്നാണ് വിലയിരുത്തല്‍.
തൊഴില്‍പരമായ പ്രതിസന്ധി, സാമ്ബത്തിക അരക്ഷിതാവസ്ഥ, ചുറ്റിലും ഉയരുന്ന ആശങ്കജനകമായ വാര്‍ത്തകള്‍, ജീവിതം എന്ന് പഴയപടിയാകും എന്നീ ആകുലത തുടങ്ങിയവയും ആത്മഹത്യക്ക് പ്രേരണയായി. ലോക്ഡൗണിന് ശേഷം മാനസികാരോഗ്യപ്രശ്നങ്ങളില്‍ വര്‍ധനയുണ്ടായെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് ആകെ 2020 ഏപ്രില്‍ ഒന്നുമുതല്‍ 2021 ആഗസ്റ്റ് 31 വരെ 11142 ആത്മഹത്യകള്‍ ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. 2018 ല്‍ 8320 ഉം 2019 ല്‍ 8585 ഉം 2020 ല്‍ 8480 ഉം ആത്മഹത്യകളാണ് കേരളത്തില്‍ ആകെയുണ്ടായിട്ടുള്ളത്.
കോവിഡ് മൂലമുള്ള മാനസികസമ്മര്‍ദങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ടെലി കൗണ്‍സലിങ് അടക്കം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 33 ലക്ഷം ഫോണ്‍കാളുകളാണ് ഹെല്പ്ലൈനിലേക്ക് എത്തിയത്. മാനസിക സമ്മര്‍ദം-14262, ഉത്കണ്ഠ-8434, വിഷാദരോഗം-890, ഉറക്കമില്ലായ്മ-7590 എന്നിവയടക്കം വിവിധ കാരണങ്ങളാല്‍ വിളിയെത്തിയിട്ടുണ്ട്.