പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ഹാജരായി എന്ന സി.പി.എം വാദം തെളിയിച്ചാല്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ രാഹുൽ മാങ്കൂട്ടം മാത്യു കുഴൽനാടനെതിരെ നടത്തുന്ന നിഴൽയുദ്ധം ആണോ ഇത് എന്നും രാഷ്ട്രീയവൃത്തങ്ങളിൽ ശക്തമായ ചർച്ച നടക്കുന്നുണ്ട്. പോക്സോ കേസിൽ പ്രതിയെ സഹായിച്ചു എന്ന കുറ്റമാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ ആരോപിതമായിരിക്കുന്ന കുറ്റം. എന്നാൽ ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും, തനിക്ക് വേണ്ടി നിലകൊണ്ട പ്രവർത്തകരെ വേട്ടയാടുന്ന സിപിഎം സമീപനം അംഗീകരിക്കില്ല എന്നും വ്യക്തമാക്കി മാത്യു കുഴൽനാടൻ നേരത്തെ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു.

ഇത് പ്രകാരം അദ്ദേഹം പറയുന്നത് പ്രായപൂർത്തിയാകാത്ത കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അത് പോലീസിനെ അറിയിച്ചില്ല എന്ന കുറ്റകൃത്യമാണ് ഷാൻ മുഹമ്മദ് ചെയ്തതെന്നും, ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ മൊഴിയിൽ അദ്ദേഹത്തിൻറെ പേര് പരാമർശിച്ചിരുന്നില്ല എന്നും സിപിഎമ്മുമായി ബന്ധമുള്ള പെൺകുട്ടിയുടെ ബന്ധുവായ ഒരു സ്ത്രീയുടെ പ്രേരണയിലാണ് കുട്ടി ഷാനിനെതിരെ മൊഴി കൊടുത്തത് എന്നുമാണ്. താൻ ജീവിതത്തിൽ ഇതുവരെ ഒരു പോക്സോ കേസിൽ ഇടപെട്ടിട്ടില്ല എന്നും അത് എൻറെ വ്യക്തിപരമായ ഒരു തീരുമാനം ആയിരുന്നു എന്നും വ്യക്തമാക്കുന്നതിനൊപ്പം തന്നെ അധികാരമുപയോഗിച്ച് ഒരു കോൺഗ്രസ് പ്രവർത്തകനെ വേട്ടയാടുന്നത് കാണുമ്പോൾ ആദർശം പറഞ്ഞു താൻ മാറി നിൽക്കില്ല എന്നും കുഴൽനാടൻ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേസിൽ ഇടപെടും എന്ന് തന്നെയാണ് അദ്ദേഹത്തിൻറെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഴൽനാടൻ സ്വീകരിച്ചിരിക്കുന്ന ഈ നിലപാടിനെ ഫലത്തിൽ എതിർക്കുന്ന നിലപാട് തന്നെയാണ് രാഹുൽ മാങ്കൂട്ടം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെ വിഷയത്തിൽ പാർട്ടിക്കുള്ളിലെ ഏതെങ്കിലും ചേരിതിരിവ് ഉണ്ടാകാനുള്ള സാധ്യതകൾ രാഷ്ട്രീയ വൃത്തങ്ങൾ തള്ളിക്കളയുന്നില്ല. എന്നാൽ കുഴൽനാടൻ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് വിരുദ്ധമായ സമീപനം രാഹുൽ മാങ്കൂട്ടം എന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോൾ അത് അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. കുഴൽനാടൻ ഇടപെട്ടാൽ അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെടുമെന്ന് സമീപനം യൂത്ത് കോൺഗ്രസിന് തന്നെ തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

എന്നാൽ സാങ്കേതികമായി കൃത്യമായ പഴുതുകൾ ഇതുകൊണ്ടുതന്നെയാണ് രാഹുൽ മാൻകൂട്ടം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കുഴൽനാടൻ പ്രതിക്കുവേണ്ടി ഹാജരായി എന്ന് തെളിയിച്ചാൽ രാജി ആവശ്യപ്പെടും എന്നാണ് അദ്ദേഹം പറയുന്നത്. മാത്യു കുഴൽനാടൻ ഷാൻ മുഹമ്മദിനെ സംരക്ഷിക്കാൻ നിലനിൽക്കും എന്ന് പറയുമ്പോഴും അദ്ദേഹമല്ല പ്രതിക്ക് വേണ്ടി കോടതിയിൽ നേരിട്ട് ഹാജരായത്. ഇത് പറഞ്ഞത് തൻറെ ഭാഗം ശരിയാണ് എന്നു വാദിക്കാൻ രാഹുലിന് കഴിയുമെങ്കിലും അദ്ദേഹം വരികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്നത് കൃത്യമായ ഒളിയമ്പ് തന്നെയാണ്. കോൺഗ്രസ് പ്രവർത്തകർ ഏറെ പ്രതീക്ഷയോടെ കൂടി കാണുന്ന ഒരു എംഎൽഎയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവ് തന്നെ ഒളിയമ്പ് തൊടുക്കുമ്പോൾ ഇനിയും പുറത്തു വരാത്ത ശക്തികച്ചേരികൾ തമ്മിലുള്ള യുദ്ധപ്രഖ്യാപനം ആണോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

രാഹുൽ മാങ്കൂട്ടം പങ്കു വെച്ച കുറിപ്പിന്റെ പൂര്‍ണരൂപം :

https://www.facebook.com/182905228981789/posts/862692827669689/

ചാനല്‍ ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞൊരു കാര്യത്തെ കുറിച്ച്‌ രണ്ട് മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയ സ്പെയ്‌സില്‍ സഖാക്കള്‍ വലിയ ചര്‍ച്ചയാണല്ലോ.
അതിന് മറുപടി പറയാമെന്നു കരുതി. “പോക്സോ കേസ് പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നടന്‍ “ഹാജരായി” എന്ന സിപിഎം വാദത്തോട്, അങ്ങനെ ‘മാത്യു കുഴല്‍നാടന്‍ ഹാജരായി’ എന്ന് തെളിയിക്കുകയാണെങ്കില്‍ അദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന എന്റെ അഭിപ്രായം സത്യം തന്നെയാണ്. ഞാന്‍ ഇന്നും അതില്‍ ഉറച്ചു നില്‍ക്കുന്നു, വീണ്ടും ആ നിലപാട് ആവര്‍ത്തിക്കുന്നു.

ഒരു കടലാസ് കഷ്ണം പൊക്കി പിടിച്ചു കൊണ്ട് മാത്യു കുഴല്‍നാടന്‍ പ്രതിക്ക് വേണ്ടി ഹാജരായി എന്നും, രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞ പോലെ രാജി ആവശ്യപ്പെടണമെന്നുമാണ് ചില ഓണ്‍ലൈന്‍ പത്രങ്ങളും, ദേശാഭിമാനിയും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഞാന്‍ ഈ പോസ്റ്റിനോപ്പം കോടതി ഉത്തരവ് കൂടി പങ്ക് വക്കുകയാണ്. ആരാണ് ചര്‍ച്ചക്ക് കാരണമായ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് എന്നതിന്റെ തെളിവാണിത്. ഇതില്‍ മാത്യു കുഴല്‍നാടന്‍ എന്നാണോ കാണുന്ന പേര്?ആരാണ് ഹാജരാകുന്നത് എന്നതിനെ സംബന്ധിച്ച്‌ ആധികാരികമായ രേഖ കോടതിയില്‍ നിന്നുള്ള ഉത്തരവോ, വിധിപ്പകര്‍പ്പോ ആണ്. അതില്‍ മറ്റൊരു അഭിഭാഷകന്‍്റെ പേരാണ് ഉള്ളത്. എന്നിട്ടും, പ്രതിക്ക് വേണ്ടി മാത്യു കുഴല്‍നാടന്‍ ഹാജരായി എന്ന നുണ പ്രചരിപ്പിക്കുകയും, അത് തെളിയിക്കാന്‍ വെല്ലുവിളിച്ചു കൊണ്ടുള്ള എന്റെ ഡയറക്‌ട് ചോദ്യത്തിന് പിടി തരാതെ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു തടി തപ്പുകയുമാണ് സഖാക്കള്‍.

ഒരിക്കല്‍ കൂടി പറയുന്നു.മാത്യു കുഴല്‍നാടനാണ് ഹാജരായത് എന്ന വാദം തെളിയിക്കുന്ന രേഖ കാണിക്കൂ. അതിന് കഴിയാത്ത പക്ഷം ഞാന്‍ പങ്ക് വച്ച രേഖ പ്രകാരം മാത്യു കുഴല്‍നാടനല്ല ഹാജരായത് എന്ന സത്യം നിങ്ങള്‍ അംഗീകരിക്കണം. വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞാലോ, എന്നെ പരിഹസിച്ചാലോ, “കോപ്പി പേസ്റ്റ് “കമൻറ് ഇട്ടാലോ സത്യം സത്യമല്ലാതാകുന്നില്ല.

നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നത് ഇത്തരം സൈബര്‍ ഇടങ്ങളിലെ നുണ പ്രചാരണങ്ങളും,വസ്തുത വളച്ചൊടിക്കല്‍ പരിപാടികളുമാണെങ്കില്‍ അത് തുടര്‍ന്നോളൂ. സഖാക്കളുടെ നിലവാരത്തിലേക്ക് ഇറങ്ങി ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ ശൈലി ശീലിച്ചിട്ടില്ലാത്തത് കൊണ്ട് സത്യമെന്ന് തോന്നുന്നതെ പറയാറുള്ളൂ. അതില്‍ ധാര്‍മികതയുടെ അംശമുണ്ട്. അത് കൊണ്ട് കുപ്രചാരണങ്ങള്‍ക്കിടയിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നു. അതാണ്‌ നിങ്ങളുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം.

മാത്യു കുഴൽനാടൻറെ പോസ്റ്റ് :

https://m.facebook.com/story.php?story_fbid=4050652325051670&id=447365688713703

ഇത് ഷാൻ മുഹമ്മദ്‌, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിയാണ്. ഇപ്പോൾ പോത്താനിക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള ക്രൈം നമ്പർ 473/ 21 കേസിലെ പ്രതിയാണ്. ഈ കേസിൽ പോക്സോ പ്രകാരം പോലീസ് ചാർത്തിയിട്ടുള്ള വകുപ്പുകൾ 19ഉം 21ഉം ആണ്. അതായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പോലീസിനെ വിവരം അറിയിച്ചില്ല എന്നതാണ് കുറ്റം. ശരിയായിരിക്കാം.. ഒരുപക്ഷെ അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം.

ആദ്യം കുട്ടി മൊഴി കൊടുത്തപ്പോൾ ഷാൻ പ്രതിയായിരുന്നില്ല. പിന്നീട് സിപിഎം ലോക്കൽ സെക്രട്ടറിയുടെ മകൾ, കുട്ടിയുടെ അമ്മായി, കുട്ടിയെ കൂട്ടികൊണ്ട് പോവുകയും അതിനുശേഷം കുട്ടി കൊടുത്ത അധിക മൊഴിയിൽ ഷാനിന്റെ പേര് പരാമർശിച്ചതായി അറിയുന്നു. അതിനു പിന്നാലെ നിങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രചരണം, ഷാൻ കുട്ടിയെ പീഡിപ്പിച്ചു എന്ന പോലെയാണ്. കൂടാതെ ഞാൻ ഷാനെ സംരക്ഷിക്കുന്നെന്നും. അതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ സമരം ചെയ്ത ഞങ്ങളുടെ വനിതാ സഹപ്രവർത്തകർക്കെതിരെ ഹീനമായ പ്രചരണം നിങ്ങൾ നടത്തുന്നു.

നിങ്ങൾക്ക് വേണ്ടത് എന്റെ ചോരയാണെങ്കിൽ അത് നേരിട്ടാവാമല്ലോ. എന്തിനാണ് ഈ അന്തസ്സില്ലാത്ത പണിക്ക് പോകുന്നത് ?

ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരെ ഒരു പോക്സോ കേസിൽ അഭിഭാഷകൻ എന്ന നിലയിൽ പോലും ഇടപെട്ടിട്ടില്ല. അത് എന്റെ തീരുമാനമായിരുന്നു. എന്നാൽ എന്റെ കണ്മുന്നിൽ അധികാരം ഉപയോഗിച്ചു നിങ്ങൾ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ വേട്ടയാടുമ്പോൾ, ആദർശം പറഞ്ഞ് പ്രതിച്ഛയ ഭയം കൊണ്ട് പിൻവലിയാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.

അതുകൊണ്ട് ഇനി നിങ്ങൾ വളഞ്ഞു മൂക്ക് പിടിക്കണമെന്നില്ല. നേരിട്ടായിക്കൊള്ളു..

ആടിനെ പട്ടിയാക്കാനും, പട്ടിയെ പ്പേപ്പട്ടിയാക്കി തല്ലികൊല്ലാനും നിങ്ങൾക്കുള്ള വൈഭവം നന്നായറിയാം. അത് ഭയന്ന് പിന്മാറാനില്ല.

കമ്മ്യൂണിസ്റ്റ്‌ അധികാര തുടർച്ചയുടെ അനുരണനങ്ങളാണ് ഇതൊക്കെ. രണ്ടാം പിണറായി സർക്കാരിൽ നിന്നും ഇതും ഇതിൽ അപ്പുറവും നമ്മൾ പ്രതീക്ഷിക്കണം.

എന്നാൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെയും വേട്ടയാടാൻ അനുവദിക്കരുത്..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക