തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യം നേടിയ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി തടവുകാര്‍ക്ക് ശിക്ഷ ഇളവ് നല്‍കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി ചന്ദ്രന്‍ എന്ന മണിച്ചനും. ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. വിവിധ കേസുകളില്‍പ്പെട്ട 33 പേരുടെ ശിക്ഷ ഇളവുചെയ്ത് ജയില്‍മോചിതരാക്കാനാണ് മന്ത്രിസഭാ തീരുമാനം. ഇതിലൊരാളായാണ് മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനും ഉള്‍പ്പെടുന്നത്.

വ്യാജ മദ്യം കഴിച്ച്‌ 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാവുകയും 500 പേര്‍ ചികിത്സതേടുകയും ചെയ്ത കേസില്‍ ശിക്ഷ ജീവപര്യന്തവും മറ്റൊരു 43 വര്‍ഷവുമാണ് മണിച്ചനെ ശിക്ഷിച്ചിരിക്കത്. ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്ന കാരണംപറഞ്ഞാണ് ശിക്ഷ ഇളവിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എന്നാല്‍, മൂന്നാഴ്ചയായി ഗവര്‍ണറുടെ മുന്നിലുള്ള ശുപാര്‍ശയില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ രാജ്ഭവന്‍ ഗൗരവമായാണ് കാണുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മറ്റ് പ്രതികളും മണിച്ചന്റെ സഹോദരങ്ങളുമായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് നേരത്തെ ശിക്ഷ ഇളവ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഇരുവരെയും വിട്ടയച്ചത്. പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ നിലവില്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലാണുള്ളത്. ജയിലില്‍ മികച്ച കര്‍ഷകനായാണ് മണിച്ചന്‍ അറിയപ്പെടുന്നത്. മണിച്ചന്റെ മോചനമാവശ്യപ്പെട്ട് നേരത്തെ അദ്ദേഹത്തിന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ചപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ചില വിവരങ്ങള്‍ കോടതിയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച കോടതി വിവരങ്ങള്‍ സത്യവാങ്മൂലമായി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു.

2000 ഒക്‌റ്റോബര്‍ 21ന് കല്ലുവാതുക്കല്‍ 19 ആള്‍ക്കാരും പള്ളിക്കല്‍, പട്ടാഴി എന്നിവിടങ്ങളിലുമുള്ള 31 പേര്‍ വ്യാജമദ്യം കഴിച്ച്‌ മരിക്കാനും ധാരാളം പേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെടാനുമിടയായ സംഭവമാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരും പ്രതികളായിരുന്നു. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ കരള്‍ വീക്കം മൂലം മരണമടഞ്ഞു. സുരേഷ് കുമാര്‍, മനോഹരന്‍ എന്നിവരും പ്രതികളാണ്. നാല്‍പ്പത്തൊന്നാം പ്രതിയായ സോമന്റെ ശിക്ഷ പിന്നീട് ഇളവുചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക