കേരളത്തിലെ ക്രൈസ്തവ സഭ നേതൃത്വത്തിൽ പെട്ട ഉന്നതരായ ആധ്യാത്മിക നേതാക്കന്മാർ പലവട്ടം ഉന്നയിച്ച വിഷയമാണ് ലൗജിഹാദ് ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകളെ കുറിച്ചുള്ള ആശങ്ക. എന്നാൽ ഈ ആശങ്കകളെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷ വോട്ട് ബാങ്കിനെ ഭയപ്പെട്ട് അവഗണിക്കുകയായിരുന്നു. ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നീ വിപത്തുകളെക്കുറിച്ച് വിശ്വാസ സമൂഹത്തിന് കുർബാനമധ്യേ ഉള്ള പ്രസംഗത്തിനിടയിൽ മുന്നറിയിപ്പ് നൽകിയ പാലായുടെ അഭിവന്ദ്യ മെത്രാനെതിരെ കേസു ചുമത്തിയ ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. ഈ ഭരണമുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്.

തിരഞ്ഞെടുപ്പുകാലത്ത് മാണി സി കാപ്പനോട് പരാജയപ്പെടുമെന്ന് ഉറപ്പായ ഒരു ഘട്ടത്തിൽ കേരളത്തിൽ ലൗ ജിഹാദ് ഉണ്ട് എന്നൊരു പ്രസ്താവന ജോസ് കെ മാണി നടത്തിയിരുന്നു. എന്നാൽ മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎം ഈ പ്രസ്താവനയെ തള്ളിയതോടെ, തൻറെ വാക്കുകൾ വിഴുങ്ങിയ വ്യക്തിയാണ് ജോസ് കെ മാണി. സഭയുടെ പിന്തുണ തേടി അദ്ധ്യാത്മിക ആലയങ്ങൾ കേറി ഇറങ്ങുമ്പോഴും വിശ്വാസ സംരക്ഷണത്തിന് വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ സഭാപിതാക്കന്മാർ ഉയർത്തുന്ന ലൗ ജിഹാദ്, മിശ്രവിവാഹം മുതലായ വിഷയങ്ങളെക്കുറിച്ച് കൃത്യമായ നിലപാട് സ്വീകരിക്കാതെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രം ക്രൈസ്തവ സ്നേഹം പറയുന്ന കേരളകോൺഗ്രസുകൾ ഇന്ന് നേരിടുന്നത് അസ്ഥിത്വ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ അതിജീവിക്കാൻ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കുറിച്ച് അടിസ്ഥാനരഹിതമായ പ്രചരണങ്ങൾ നടത്തി എത്രകാലം പിടിച്ചുനിൽക്കാൻ ആകും എന്ന് അവർക്കുപോലും നിശ്ചയമില്ല .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം ശക്തമായി എതിർക്കുന്ന നിർബന്ധിത മിശ്രവിവാഹങ്ങളെയും, കേരളത്തിലെ ജനങ്ങൾ തെരുവിൽ ആക്കപ്പെടുന്ന കെ റയിൽ പദ്ധതിയേയും ന്യായീകരിക്കുവാൻ സംസ്ഥാനം എമ്പാടും പ്രസംഗിച്ചു നടക്കേണ്ട ഗതികേടാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണിക്ക് ഇപ്പോൾ ഉള്ളത്. വിശുദ്ധ വാരം ആചരിച്ച സമയത്ത് പാലായിലെ ദേവാലയങ്ങളിൽ, ജോസ് കെ മാണി അസാന്നിധ്യം കൊണ്ടും റോഷി അഗസ്റ്റിൻ സാന്നിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടത് ക്രൈസ്തവ വൃത്തങ്ങളിൽ ഇപ്പോൾ സജീവ ചർച്ചയാണ്.

ഇടതുപക്ഷ മുന്നോട്ടുവയ്ക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം ആണ് ഇപ്പോൾ ജോസ് കെ മാണി പിന്തുടരുന്നത് എന്ന് പരിഹാസമാണ് രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നത്. വിശ്വാസ വിരുദ്ധരായ സിപിഎം നിലപാടിനോടു ചേർന്നു നിൽക്കേണ്ടിവരുന്നത് പലപ്പോഴും കേരള കോൺഗ്രസ് പാർട്ടിയുടെ മുഖമുദ്രയായ ക്രൈസ്തവ നിലപാടുകൾക്ക് എതിരായിട്ടാണ് ചിത്രീകരിക്കപ്പെടുന്നത്. ഇത്തരം ആക്ഷേപങ്ങൾക്ക് മുമ്പിൽ ന്യായീകരണം പോലും നിരത്തുവാൻ കഴിയാത്തതിനാൽ ജോസ് കെ മാണിയുടെ പോരാളികൾ സൈബർ വൃത്തങ്ങളിൽ പോലും നിസ്സഹായരാണ്.

ചില വാദങ്ങൾ സാമാന്യ യുക്തിക്കു നിരക്കുന്നതല്ല എങ്കിൽപോലും പി സി ജോർജ് ക്രൈസ്തവ സമുദായം മുന്നോട്ടുവെയ്ക്കുന്ന ആശങ്കകൾ ഉയർത്തിപ്പിടിച്ച് പോരാട്ടത്തിനിറങ്ങുമ്പോൾ വെല്ലുവിളിക്കപ്പെടുന്നത് ജോസ് കെ മാണിയുടെ രാഷ്ട്രീയ അസ്ഥിത്വവും, കേരള കോൺഗ്രസിൻറെ രാഷ്ട്രീയ പ്രസക്തിയും ആണ്. ജോസ് കെ മാണി എന്ന രാഷ്ട്രീയക്കാരന് ക്രൈസ്തവ സ്നേഹം വെറും വോട്ടുബാങ്ക് ആണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും എന്ന നിലപാടിലാണ് രാഷ്ട്രീയ എതിരാളികൾ. ഇത്തരം പ്രചരണങ്ങൾ ശക്തമായാൽ ഒരുപക്ഷേ കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ നിലനിൽപ്പ് പോലും ജോസ് കെ മാണിയുടെ കീഴിൽ അസാധ്യമാകുന്ന സാഹചര്യം സംജാതമായി കൂടാതെ ഇല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക