മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാനുള്ള ധൈര്യം സിപിഐഎം സംസ്ഥാന കമ്മിറ്റി കാണിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐയെയും ആര്‍എസ്‌എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

കെ സുധാകരന്‍ പറഞ്ഞത്: ”എസ്ഡിപിഐയെയും ആര്‍എസ്‌എസ്‌നെയും നിയന്ത്രിക്കാന്‍ പിണറായി വിജയന് കഴിവില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ പരോക്ഷമായി വ്യക്തമാക്കിയിരിക്കുന്നു. മൂന്ന് വര്‍ഷത്തിനിടെ 1065 കൊലപാതകങ്ങള്‍ നടന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.”

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”പെറ്റിയടിക്കാനും കുറ്റിയടിക്കാനും മാത്രമായി കേരള പോലീസിനെ ഭരണകൂടം അധ:പതിപ്പിച്ചിരിക്കുന്നു. ഒരു വകുപ്പ് പോലും നേരേ ചൊവ്വേ ഭരിക്കാനറിയാത്ത മനുഷ്യനെയാണ് കോടികള്‍ മുടക്കി പരസ്യം ചെയ്ത് കഴിവുള്ളവനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. എഴുതിക്കൊടുക്കുന്ന ചോദ്യങ്ങളുമായി ചെന്ന് പഞ്ചപുച്ഛമടക്കി പിണറായി വിജയന്റെ നാടകത്തിന് കൂട്ടുനിന്ന മാധ്യമങ്ങള്‍ക്കും കേരളത്തിന്റെ ദുരവസ്ഥയില്‍ പ്രധാന പങ്ക് ഉണ്ട്.”

”ഇപ്പോള്‍ പോലും മുഖ്യമന്ത്രിയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ശരിയായ പത്ര സമ്മേളനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിവില്ലാത്ത ആളാണ് പിണറായി വിജയന്‍ എന്ന സത്യം ജനം തിരിച്ചറിയരുതെന്ന് മാധ്യമങ്ങളിലെ സിപിഎം താരാട്ടുപാട്ടുകാര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒന്നോര്‍ക്കുക, ജാതിമത വര്‍ഗീയ ശക്തികളെ തരാതരം പോലെ പ്രീണിപ്പിച്ച്‌ അധികാരം നിലനിര്‍ത്താന്‍ പിണറായി വിജയന് കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ ജനങ്ങളെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിച്ച്‌ ഭരണകൂടത്തിന്റെ കഴിവുകേടുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാമെന്ന് പിണറായി വ്യാമോഹിക്കേണ്ട.”

”നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണം. അതിന് മടി കാണിച്ചാല്‍ ആഭ്യന്തര മന്ത്രിയെ മാറ്റാന്‍ ഉള്ള ധൈര്യം സിപിഎം സംസ്ഥാന കമ്മിറ്റി കാണിക്കണം. കാരണം പിണറായി വിജയന്റെ അധികാര മോഹത്തേക്കാള്‍ വലുതാണ് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സമാധാനവും.”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക