ലോസ് ആഞ്ചലസ്: ഓസ്കാര്‍ അവാര്‍ഡ് വിതരണത്തിനിടെ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തേക്ക് വിലക്ക്. ഓസ്കാര്‍ ചടങ്ങിലും അക്കാദമിയുടെ മുഴുവന്‍ പരിപാടികളിലും പങ്കെടുക്കുന്നതിനുമാണ് വിലക്ക്. അക്കാദമി ബോര്‍ഡ് ഓഫ് ​ഗവേര്‍ണേഴ്സിന്റേതാണ് തീരുമാനം.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും സ്മിത്തിന് അനുവാദമില്ല. അതേസമയം വില്‍ സ്മിത്തിന്റെ ഓസ്കാര്‍ അസാധുവാക്കിയിട്ടില്ല. കൂടാതെ ഭാവിയില്‍ ഓസ്‌കാര്‍ നോമിനേഷനുകളില്‍ നിന്ന് വിലക്ക് ഉണ്ടാകുമോ എന്നും അക്കാദമി അം​ഗങ്ങളുടെ പേരില്‍ പുറത്തുവന്ന കത്തില്‍ പറയുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖത്തടി വിവാദമായതോടെ ഓസ്‌കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് നേരത്തെ രാജി വെച്ചിരുന്നു. അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം. സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു. ഓസ്‌ക്കാര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞിരുന്നു.

അതേസമയം ക്രിസ് റോക്കിനെ വില്‍ സ്മിത്ത് വേദിയില്‍ കയറി തല്ലിയ സംഭവത്തില്‍ പ്രതികരണവുമായി ഭാര്യ ജെയ്ഡ സ്മിത്ത് രം​ഗത്തുവന്നു. വില്‍ സ്മിത്ത് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതിരു വിട്ട പെരുമാറ്റമായി പോയി എന്നും ജെയ്‌ഡ പറഞ്ഞതായി നടിയോട് അടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ യുഎസ് വീക്കിലിയോട് പറഞ്ഞു.

ഓസ്കാര്‍ അവാര്‍ഡ് ചടങ്ങില്‍ തന്റെ ഭാര്യയെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ കയ്യേറ്റം ചെയ്തത്. വേദിയിലേക്ക് കടന്നു വന്ന വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വില്‍സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിക്കറ്റ് സ്മിത്തിന്റെ ഹെയര്‍ സ്റ്റൈലിനെ കളിയാക്കിയതായിരുന്നു വില്‍സ്മിത്തിനെ ചൊടിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ച്‌ ഒരക്ഷരം മിണ്ടരുത്’ എന്നും വില്‍ സ്മിത്ത് മുഖത്തടിച്ച ശേഷം ക്രിസ് റോക്കിനോട് പറഞ്ഞു. വില്‍സ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം ഓസ്‌കാര്‍ വേദിയെ ഞെട്ടിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക