കണ്ണൂര്‍: തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ (Kannur) മയക്കുമരുന്ന് (Drug Case) വേട്ട. ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. നേരത്തെ പിടികൂടിയ മയക്കുമരുന്നു വിതരണ സംഘത്തിന്‍റെ ബന്ധുവിന്‍റെ പടന്നപ്പലാത്തുള്ള ഇന്റീരിയര്‍ ഡിസൈന്‍ (Interior Design) ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

270 എല്‍ എസ് ഡി സ്റ്റാമ്ബ് (3.5ഗ്രാം) 19 ഗ്രാം ലഹരി ഗുളികകളും, 18.5 ഗ്രാം ബ്രൌണ്‍ ഷുഗറും കണ്ടെത്തിയവയില്‍പ്പെടുന്നു. നേരത്തെ എം ഡി എം എ മയക്കുമരുന്നു കേസ്സില്‍ പോലീസ് പിടിയില്‍ ആയ അഫ്സലിന്‍റെയും ബള്‍ക്കീസിന്‍റെയും അടുത്ത ബന്ധുവായ ജനീസാണ് കേസിലെ ഒന്നാം പ്രതി. നിസ്സാം, ബള്‍ക്കീസ്, അഫ്സല്‍ എന്നിവരും കേസില്‍ പ്രതികളാണ് എന്ന് പോലീസ് വ്യക്തമാക്കി. ജനീസ്, നിസ്സാം എന്നിവര്‍ ഒളിവിലാണെന്നും പ്രതികള്‍ എല്ലാവരും ബന്ധുക്കളാണെന്നും കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരിലേക്ക് 2 കിലോ എം ഡി എം എ കടത്തുന്നതിനിടെ അഫ്സലും ബള്‍ക്കീസും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ബംഗളൂരുവിലുള്ള നിസ്സാമില്‍ നിന്നും വില്‍പ്പനക്കായി എത്തിക്കുന്ന മയക്കുമരുന്നുകള്‍ റിട്ടെയ്ല്‍ വില്പനക്കായി അളന്നു തൂക്കി വിതരണം ചെയ്യുന്ന ജോലിയാണ് ബള്‍ക്കീസും അഫ്സലും ചെയുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍, കണ്ണൂര്‍ എ സി പി , പി പി സദാനന്ദന്‍റെയും നര്‍ക്കോട്ടിക് സെല്‍ എ സി പി ജസ്റ്റിന്‍ എബ്രഹാമിന്‍റെയും നിര്‍ദ്ദേശപ്രകാരമാണ് മയക്കുമരുന്ന് റാക്കറ്റിനെ വലയിലാക്കുന്നതിനുള്ള പരിശോധനകള്‍ നടന്നത്. കേസ് അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. എസ് ഐ മാരായ വിനോദ് കുമാര്‍, മഹിജന്‍, എ എസ് ഐ രഞ്ജിത്, സീനിയര്‍ സി പി ഒ മാരായ ഷാജി, മുഹമ്മദ്, സിപിഒ ലിതേഷ് തുടങ്ങിയവരും മയക്കുമരുന്നു റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക