യുഎഎപി കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടുക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേഖകനായിരുന്ന ബിനു വിജയനും ആര്‍എസ്‌എസ് മുഖപത്രമായ ‘ഓര്‍ഗനൈസര്‍’ അസോഷ്യേറ്റ് എഡിറ്റര്‍ ജി. ശ്രീദത്തനും തമ്മില്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകളും യുപി പൊലീസിന് ഇവര്‍ നല്‍കിയ മൊഴികളുമാണ് കാപ്പനെതിരായ കേസുകളില്‍ പ്രധാന തെളിവുകളായതെന്ന് ദേശീയമാധ്യമമായ ‘ന്യൂസ്‌ലോണ്‍ഡ്രി’ പുറത്തുവിട്ട വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ കുറ്റപത്രം ഉദ്ധരിച്ചാണ് ‘ന്യൂസ്‌ലോന്‍ഡ്രി’യുടെ റിപ്പോര്‍ട്ട്.

2020 ഒക്ടോബര്‍ അഞ്ചിന് മഥുരയിലെ ടോള്‍പ്ലാസയില്‍ വച്ചാണ് സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നുപേരെയും യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ദലിത് പെണ്‍കുട്ടിയുടെ ബലാത്സംഗക്കൊല നടന്ന ഹത്രാസിലേക്ക് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി പുറപ്പെട്ടതായിരുന്നു കാപ്പന്‍. എന്നാല്‍, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത പൊലീസ് യുഎപിഎ ചുമത്തിയതിനു പിറകെ ദേശദ്രോഹം, മതസ്പര്‍ധവളര്‍ത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ഡയറിക്കുറിപ്പുകളും ബിനു വിജയന്റെ മൊഴികളും

20 വര്‍ഷത്തോളമായി മനോരമ ജീവനക്കാരനാണ് ബിനു വിജയന്‍. 2003 മുതല്‍ 2017 വരെ മനോരമയുടെ ഡല്‍ഹി ലേഖകനായിരുന്നു. നിലവില്‍ ബിനു പാട്‌നയിലാണുള്ളത്.

യുപി പൊലീസ് പ്രത്യേക ദൗത്യസേന(എസ്ടിഎഫ്)യുടെ എഫ്‌ഐആറുമായി ബന്ധപ്പെട്ട് പ്രതിഭാഗം വക്കീല്‍ മധുവന്‍ ദത്ത് ചതുര്‍വേദി ഉയര്‍ത്തിയ സംശയങ്ങളാണ് മനോരമ ലേഖകന്‍ ബിനു വിജയനും ജി ശ്രീദത്തനും കേസിനു പിന്നിലുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നത്. എസ്ടിഎഫ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനുവിന്റെയും ശ്രീദത്തന്റെയും മൊഴികള്‍ ചേര്‍ത്തിട്ടുണ്ട്. സിദ്ദീഖ് കാപ്പന്‍ കെയുഡബ്ല്യുജെ ഫണ്ട് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്‌തെന്നും വര്‍ഗീയലഹള ഇളക്കിവിടുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ഇരുവരും പൊലീസിനു നല്‍കിയ മൊഴി.

യുപി എസ്ടിഎഫിന്റെ ഡയറിക്കുറിപ്പുകളില്‍ 2020 ഡിസംബര്‍ 31നാണ് ബിനു വിജയന്റെ പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. കാപ്പന്‍ വര്‍ഗീയ ഉള്ളടക്കമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോപിച്ച്‌ ബിനു നേരത്തെ ജി ശ്രീദത്തന് ഇ-മെയില്‍ അയച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനുവിനെ സമീപിച്ചതെന്ന് പൊലീസ് ഡയറിക്കുറിപ്പില്‍ പറയുന്നു.

ബിനുവിനോട് എസ്ടിഎഫിന്റെ നോയിഡ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പോപുലര്‍ ഫ്രണ്ടില്‍നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവിടെയെത്താനാകില്ലെന്ന് ബിനു അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍മുഖേനയാണ് ഇദ്ദേഹത്തില്‍നിന്ന് അന്വേഷണസംഘം വിവരങ്ങളെടുത്തത്. സിദ്ദീഖ് കാപ്പനും പോപുലര്‍ ഫ്രണ്ടും ചേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയകലാപത്തിന് ഗൂഢാലോചന നടത്തുന്നതായി ബിനു തങ്ങളെ അറിയിച്ചെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നുണ്ട്. തന്റെ ഇ-മെയില്‍ സന്ദേശങ്ങള്‍ മൊഴിയായി കൂട്ടണമെന്നും ബിനു അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

‘കാപ്പനും കെയുഡബ്ല്യുജെ മാധ്യമപ്രവര്‍ത്തകരും വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു; കലാപത്തിന് ഗൂഢാലോചന’

2019ല്‍ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ നടന്ന പൗരത്വ ഭേദഗതി വിരുദ്ധ സമരവുമായി ബന്ധപ്പെട്ടും ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടും സിദ്ദീഖ് കാപ്പന്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണ് ബിനു വിജയന്‍ പൊലീസിന് നല്‍കിയ ആദ്യ മൊഴി. ‘ദേശീയ അഖണ്ഡതയ്ക്കും സാമുദായിക സൗഹാര്‍ദത്തിനും അപകടകരമാകുന്ന തരത്തിലും വര്‍ഗീയലഹള ഇളക്കിവിടുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സിദ്ദീഖ് കാപ്പന്റെയും മറ്റ് ഡല്‍ഹി കെയുഡബ്ല്യുജെ നേതാക്കളുടെയും പങ്ക്’ എന്നാണ് ബിനു അന്വേഷണസംഘത്തിന് ഇ-മെയിലില്‍ അയച്ച ആദ്യ മൊഴിയുടെ തലക്കെട്ട്.

കൃത്യമായ വാര്‍ത്തകള്‍ നല്‍കാതെയും വാര്‍ത്താലിങ്കുകള്‍ കൈമാറാതെയുമാണ് വിജയന്റെ ആരോപണം. സിഎഎ വിരുദ്ധ സമരത്തിനിടെ ജാമിഅ വിദ്യാര്‍ത്ഥികള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ കെയുഡബ്ല്യുജെ അംഗങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് മൊഴിയില്‍ പറയുന്നു. ബിനു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസറില്‍ വന്ന ലേഖനവും കുറ്റപത്രത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ‘ ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ ജാമിഅ ആക്രമണത്തെക്കുറിച്ച്‌ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, സിപിഎം-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുസ്‍ലിം ആള്‍ക്കൂട്ടം കേരളത്തില്‍ കലാപം നടത്തുന്നു, രാജ്യതലസ്ഥാനത്തെ വ്യാജ ജാമിഅ രക്തസാക്ഷികള്‍ക്കുവേണ്ടി അര്‍ധരാത്രി മയ്യിത്ത് നമസ്‌കാരം നടത്തുന്നു’ എന്ന തലക്കെട്ടിലായിരുന്നു ഓര്‍ഗനൈസര്‍ ലേഖനം.

മീഡിയവണ്‍, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍മാരെ കാപ്പന്‍ സ്വാധീനിചിച്ചതായും ബിനുവിന്റെ മൊഴിയിലുണ്ട്. ഡല്‍ഹി കലാപ റിപ്പോര്‍ട്ടിങ് ചൂണ്ടിക്കാട്ടി 2020ല്‍ രണ്ടു ചാനലുകളുടെയും സംപ്രേഷണം 48 മണിക്കൂര്‍ നേരം കേന്ദ്രം തടഞ്ഞിരുന്നു. കേന്ദ്രം ഇവയുടെ സംപ്രേഷണം തടഞ്ഞെങ്കിലും ഈ ചാനലുകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരു തരത്തിലുമുള്ള നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നും ബിനു മൊഴിയില്‍ ആരോപിക്കുന്നു. കെയുഡബ്ല്യുജെ അക്കൗണ്ടില്‍നിന്ന് കാപ്പന്‍ വലിയ തുക സ്വന്തമായി പിന്‍വലിച്ചെന്നും മറ്റൊരു മൊഴിയില്‍ ആരോപിക്കുന്നു. സമിതിയുടെ 25 ലക്ഷത്തോളം രൂപ മറ്റ് ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്‌തെന്നും ആരോപണമുണ്ട്.

ബിജെപി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നയാളായതിനാല്‍ ഭരണകക്ഷിയുടെ ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ബിനുവെന്നാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. 2014നുശേഷം ഇദ്ദേഹത്തിന്റെ രാഷ്ട്രീയനിലപാടും മാറിയതായി ഇവര്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ബിനുവിന്റെ രാഷ്ട്രീയചായ്‌വ് പരിഗണിക്കാതെയും ഇയാള്‍ ഉന്നയിച്ച ആരോപണങ്ങളുടെ തെളിവ് കണ്ടെത്തുകയോ പരിശോധിക്കുകയും ചെയ്യാതെയാണ് ഇദ്ദേഹത്തിന്റെയും ഓര്‍ഗനൈസര്‍ അസോഷ്യേറ്റ് എഡിറ്ററുടെയും വ്യാജമൊഴികള്‍ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക