മുംബൈ: നടി ക്രിസന്‍ പെരേരയെ കബളിപ്പിച്ച്‌ ലഹരി കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ രണ്ട് പേരെ മുംബൈ പൊലീസ് അറസ്‌റ്റ് ചെയ്‌തു. യുഎഇയിലെ ഷാര്‍ജ നഗരത്തില്‍ വച്ചാണ് ട്രോഫിയില്‍ മയക്കുമരുന്നുമായി താരം പൊലീസ് പിടിയിലായത്. രവി ബൊഭതെ, ആന്‍റണി പോള്‍ എന്നിവരെയാണ് കേസില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

വെബ്‌ സീരിസില്‍ അവസരം വാഗ്‌ദാനം നല്‍കി: ഹോളിവുഡ് വെബ് സീരീസില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന വാഗ്‌ദാനത്തില്‍ നടി ക്രിസന്‍ പെരേരയെ ഷാര്‍ജയിലേക്ക് ഓഡീഷനായി അയക്കുകയായിരുന്നു. നടിയുടെ അമ്മ പ്രമീള പരേരയുടെ പരാതിയിലാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഒരു പ്രൊജക്‌റ്റില്‍ വെബ് സീരിസ് ഫിനാന്‍സറായാണ് പ്രതി രവി ബോഭതെ ക്രിസനെ ബന്ധപ്പെട്ടതെന്ന് പ്രമീള പെരേര പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോഭതെയുമായി കരാര്‍ ഉറപ്പിച്ച ശേഷം ഓഡീഷനായി ക്രിസനെ വിദേശത്തേക്ക് അയക്കുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നു. ദുബായിലേയ്‌ക്ക് പോകാനാണ് ക്രിസന്‍ പെരേര ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മുംബൈയില്‍ നിന്ന് ഷാര്‍ജയിലേയ്‌ക്ക് ഏപ്രില്‍ ഒന്നിന് പോകാന്‍ പിന്നീട് തീരുമാനമായി.

ഷാര്‍ജയില്‍ വച്ച്‌ പിടിയില്‍: ഏപ്രില്‍ മൂന്നിനാണ് ക്രിസന്‍ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍ ഷാര്‍ജ വിമാനത്താവളത്തില്‍ വച്ച്‌ ലഹരി വസ്‌തുവുമായി ക്രിസന്‍ പെരേര പിടിയിലായതായി പ്രമീളയ്‌ക്ക് കോള്‍ വരികയായിരുന്നു. ഷാര്‍ജയില്‍ ഒരാള്‍ക്ക് നല്‍കാനെന്ന പേരില്‍ താരത്തെ ഏല്‍പ്പിച്ച ട്രോഫിയിലാണ് പ്രതികള്‍ ലഹരിവസ്‌തു ഒളിപ്പിച്ചിരുന്നത്. യുഎഇ അധികൃതര്‍ കേസിന്‍റെ വിവരങ്ങള്‍ ഇന്ത്യന്‍ എംബസിയേയും മുംബൈ പൊലീസിനെയും അറിയിച്ചു. ഷാര്‍ജയില്‍ തനിക്ക് നിരവധി ബന്ധങ്ങളുണ്ടെന്നും 80 ലക്ഷം രൂപ തന്നാല്‍ ക്രിസനെ രക്ഷിക്കാമെന്നും പോള്‍ പറഞ്ഞതായും താരത്തിന്‍റെ അമ്മ പൊലീസിനോട് പറഞ്ഞു.

വഞ്ചന തിരിച്ചറിഞ്ഞത് ഏറെ വൈകി: താനും മകളും വഞ്ചിക്കപ്പെട്ടതായി മനസിലാക്കിയ പ്രമീള പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. താരത്തെയും അമ്മയേയും കബിളിപ്പിക്കാന്‍ പോളും ബൊഭതയും ഗൂഢാലോചന നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പ്രതികളെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാകും. സഡക് 2, ബദ്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് നടി ക്രിസന്‍ പെരേര ശ്രദ്ധിക്കപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക