ന്യൂഡല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയാ ആത്മഹത്യക്ക് ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് പൊലീസ് അറിയിച്ചു.

ഡിസംബര്‍ 9ന് രാവിലെ പത്തരയോടെയാണ് ഡല്‍ഹി രോഹിണി കോടതിക്കുള്ളില്‍ സ്‌ഫോടനം നടന്നെന്ന വാര്‍ത്ത പുറത്ത് വരുന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്ബര്‍ ചേംബറിനുള്ളിലാണ് സ്ഫോടനമുണ്ടായത് കോടതി നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. സെപ്റ്റംബറില്‍ കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന സംഭവമായതിനാല്‍ തന്നെ സുരക്ഷവീഴ്‌ച്ചയെ സംബന്ധിച്ച്‌ വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോംബ് സ്വയം നിര്‍മ്മിച്ച്‌ ലാപ്‌ടോപ്പ് ബാഗില്‍ ഒളിപ്പിച്ച്‌ കോടതിയില്‍ എത്തിച്ച്‌ സ്‌ഫോടനം നടത്തിയത് കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയയാണെന്ന് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയത്. അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനോടുള്ള വ്യക്തി വിരോധമാണ് ബോംബ് സ്‌ഫോടനം നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്.

അമോണിയം നൈട്രേറ്റ് ഉപയോഗിച്ച്‌ ചെറിയ ബോംബ് നിര്‍മ്മിച്ച്‌ ലാപ്‌ടോപ്പ് ബാഗില്‍ ഒളിപ്പിച്ച്‌ കോടതി മുറിയില്‍ ഇയാള്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം കോടതിക്ക് പുറത്തിറങ്ങി റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ ബോംബ് പൊട്ടിച്ചു. അഭിഭാഷകന്‍ കേസില്‍ ഹാജരാകാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടിച്ചത്. എന്നാല്‍ നിര്‍മ്മാണത്തില്‍ വന്ന പിഴവ് കാരണം സ്‌ഫോടക വസ്തുവിന് തീപിടിച്ചില്ല. ഇത് കാരണമാണ് വലിയ സ്‌ഫോടനം ഒഴിവായതെന്നാണ് പൊലീസ് പറയുന്നത്.

സംഭവ സ്ഥലത്ത് നിന്നും സ്‌ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. ബോംബ് കൊണ്ടുവന്ന ബാഗും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. ബോംബ് എങ്ങനെ നിര്‍മ്മിച്ചു എന്നതടക്കം മറ്റുകാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച്‌ വരികയാണ്. കേസില്‍ മറ്റൊരുടെയെങ്കിലും സഹായം കിട്ടിയോ എന്നും അന്വേഷണം നടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക