മലയാളി സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന ബേസില്‍ ജോസഫ് – ടോവിനോ തോമസ് കൂട്ടുകെട്ടിന്റെ ചിത്രമായ മിന്നല്‍ മുരളിയിലെ രംഗം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.

മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ കഥാപാത്രമായി എത്തുന്ന ടോവിനോ തന്റെ അമാനുഷിക കഴിവുകള്‍ വെളിവാക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. WWE – ലെ പ്രശസ്ത ഗുസ്തി താരമായ ഗ്രേറ്റ് ഖലിയുമായി മത്സരിച്ച്‌ ‘മിന്നല്‍ മുരളി’ കഴിവുകള്‍ തെളിയിക്കുന്ന രംഗങ്ങളാണ് ഇതിലുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രൊഫഷണല്‍ ഗുസ്തി രംഗത്തെ പ്രശസ്ത താരമായ ഖലി ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. സൂപ്പര്‍ ഹീറോ ടെസ്റ്റിനായി വരുന്ന മിന്നല്‍ മുരളിയുടെ കഴിവുകള്‍ പരീക്ഷിക്കുന്ന ആളായിട്ടാണ് ഖലി പ്രത്യക്ഷപ്പെടുന്നത്. മിന്നല്‍ മുരളി: മേക്കിങ് ഓഫ് എ സൂപ്പര്‍ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ലിക്‌സിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബേസില്‍ ജോസഫ് ഈ വീഡിയോ ഇന്‍സ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ഫെമിന ജോര്‍ജ്, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 2021 ഡിസംബര്‍ 24 ന് നെറ്റ്ഫ്ലിക്സില്‍ സൂപ്പര്‍ഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും!

സൂപ്പര്‍ ഹീറോ ചിത്രം വെല്ലുവിളികള്‍ നിറഞ്ഞത്: മിന്നല്‍ മുരളിയെക്കുറിച്ച്‌ ബേസില്‍ ജോസഫ്

1990-കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി (Minnal Murali). ഇടിമിന്നലെറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ഒരു നാട്ടിന്‍ പുറത്തെ തയ്യല്‍ക്കാരന്റെ കഥ പറയുന്ന സിനിമയാണ്. ബേസില്‍ ജോസഫാണ് (Basil Joseph) ചിത്രം സംവിധാനം ചെയ്യുന്നത്, മലയാളത്തിലെ യുവനിരയിലെ സൂപ്പര്‍ താരം ടൊവിനോ തോമസിനെ (Tovino Thomas) ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.

ചിത്രത്തിന്റെ മേക്കിംഗിനെക്കുറിച്ച്‌ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വാക്കുകള്‍- “മിന്നല്‍ മുരളി എന്ന ആശയം 2018ല്‍ എഴുത്തുകാരന്‍ അരുണ്‍ ആണ് എന്നോട് പറയുന്നത്. രസകരമായ ഒരു ആശയമാണെങ്കിലും, മലയാളത്തില്‍ ഒരു സൂപ്പര്‍ഹീറോ സിനിമ നിര്‍മ്മിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതും ഇത്തരം ഒരു കഥ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരുക്കുക എന്നത്, ഏറ്റെടുത്താല്‍ ഇതിനു വേണ്ടി പൂര്‍ണമായും സമര്‍പ്പിക്കുക തന്നെ വേണം.

സി.ജിയും ആക്ഷന്‍ സീക്വന്‍സുകളും മാത്രമല്ല, തിരക്കഥയും ഈ വിഭാഗത്തില്‍ യുക്തി ഭദ്രമാവണം, ഒരു സൂപ്പര്‍ഹീറോ കഥയുടെ സ്കെയിലുമായി ഇത് പൊരുത്തപ്പെടുന്നില്ലെങ്കില്‍ എല്ലാം പെട്ടെന്ന് തന്നെ തെറ്റിയേക്കാം. എന്നിരുന്നാലും, ഇത്തരം ഒരു ചിത്രം ഒരുക്കുക എന്നത് ഒരു സ്വപ്നം തന്നെ ആയിരുന്നു, അതുകൊണ്ടുതന്നെ ഇത് ഏറ്റെടുക്കണോ അതോ പ്രാപ്‌തമായ കൈകളില്‍ ഏല്‍പ്പിക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു. എന്നാല്‍ ഈ സിനിമയുടെ കാര്യത്തില്‍, മലയാളത്തിലെ ഒരു സൂപ്പര്‍ ഹീറോ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഒരു വെല്ലുവിളി മാത്രമല്ല, ഇത് ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം കൂടിയായിരുന്നു.

വളരെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനുള്ള ഒരു പ്രചോദനമായിരുന്നു അത്, കൃത്യമായ സമയം മുടക്കി മിന്നല്‍ മുരളിയെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചിത്രത്തിലേക്ക് വന്നു. ഞാന്‍ മാത്രമല്ല, ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഉള്ള എല്ലാ ആളുകളും അവരുടെ 100% സിനിമയ്ക്ക് നല്‍കിയിട്ടുണ്ട്, ! അത് പ്രേക്ഷകര്‍ക്ക് സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും ചിത്രത്തെ ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ബേസില്‍ ജോസഫ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക