തിരുവനന്തപുരം: ആലപ്പുഴയിലെ ഇരട്ടക്കൊലയില്‍ നാട് വിറങ്ങലിച്ച്‌ നില്‍ക്കുമ്ബോള്‍ കാര്യവട്ടത്ത് ക്രിക്കറ്റ് കളിക്കുന്ന തിരക്കിലായിരുന്നു തലസ്ഥാനത്തെ ഉന്നത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍. ഇന്നലെ പ്രതിയെത്തിരഞ്ഞ് പോകവേ വള്ളം മറിഞ്ഞ് മരിച്ച പൊലീസുദ്യോഗസ്ഥന്‍ ബാലുവിന്‍റെ മൃതദേഹം തിരുവനന്തപുരം എസ്‌എപി ക്യാമ്ബില്‍ പൊതുദര്‍ശനത്തിന് വച്ച അതേസമയത്തായിരുന്നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉന്നതരുടെ ക്രിക്കറ്റ് വിനോദം.

ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്ത, ഡിസിപി വൈഭവ് സക്സേന അടക്കമുള്ളവര്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. കളിയുടെ തിരക്കുണ്ടായിരുന്നത് കൊണ്ട് മരിച്ച പൊലീസുദ്യോഗസ്ഥന്‍ ബാലുവിന്‍റെ പൊതുദര്‍ശനത്തിന് ശേഷമാണ് ഡിസിപി വൈഭവ് സക്സേന എസ്‌എപി ക്യാമ്ബിലെത്തിയത്. സ്വന്തം സേനയിലെ സഹപ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലും ഡിസിപി എത്തിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സേനയില്‍ത്തന്നെ ഒരംഗത്തിന്‍റെ വിയോഗമുണ്ടായിട്ടും, തെക്കന്‍ കേരളത്തിലെ ഒരു ജില്ലയില്‍ത്തന്നെ രണ്ട് രാഷ്ട്രീയകക്ഷികളില്‍പ്പെട്ട രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പോലും കഴിയുന്നതിന് മുമ്ബേ ആസ്വദിച്ച്‌ ചിരിച്ച്‌ തിമര്‍ത്ത് ക്രിക്കറ്റ് കളിക്കുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. രാവിലെ എട്ട് മണി മുതല്‍ 12 മണി വരെയായിരുന്നു മത്സരം നടന്നത്.

പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി രാജേഷിനെ പിടികൂടാന്‍ പോകുന്നതിടെ വര്‍ക്കലയില്‍ വച്ച്‌ വള്ളം മുങ്ങിയാണ് പൊലീസുദ്യോഗസ്ഥനായ ബാലു മരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ രക്ഷപ്പെട്ടു. സിഐ ഉള്‍പ്പടെ മൂന്ന് പൊലീസുകാരാണ് ബാലുവിനൊപ്പം വള്ളത്തിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വള്ളം ആടിയുലഞ്ഞ് മറിഞ്ഞത്. ബാലുവിന് നീന്തല്‍ അറിയുമായിരുന്നില്ല എന്നതിനാല്‍ ചെളിയില്‍ ആഴ്ന്ന് പോയതാണെന്നാണ് ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ പറയുന്നത്.

ബാലു ട്രെയിനിംഗ് പൂര്‍ത്തിയാക്കി ആഴ്ചകള്‍ മാത്രമേ ആകുന്നുണ്ടായിരുന്നുള്ളൂ. ഈ മാസം 15-നാണ് ബാലു ഉള്‍പ്പടെ 50 പൊലീസുകാര്‍ എസ്‌എപി ക്യാമ്ബില്‍ നിന്ന് ശിവഗിരി ഡ്യൂട്ടിക്ക് പോയത്.ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഇദ്ദേഹം സെപ്റ്റംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ബിടെക് ധനതത്വശാസ്ത്രം എന്നിവിയില്‍ ബിരുദം നേടിയിട്ടുണ്ട്. ട്രെയിനിംഗ് എഡിജിപി യോഗേഷ് ഗുപ്തയുടെ കീഴില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ഒരു പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം സംഭവിച്ചിട്ടും, ഒന്ന് കണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോലും യോഗേഷ് ഗുപ്ത എത്തിയില്ല.

ഇതോടൊപ്പം തന്നെയാണ് നാട് വിറങ്ങലിച്ച്‌ നില്‍ക്കുന്ന ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് ഈ ക്രിക്കറ്റ് കളി നടന്നതെന്ന കാര്യവും ശ്രദ്ധേയമാകുന്നത്. 12 മണിക്കൂറിന്‍റെ ഇടവേളയില്‍ ഉണ്ടായ രണ്ട് കൊലപാതകങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ആലപ്പുഴയെ നടുക്കി. സംസ്ഥാനത്തെമ്ബാടും ജാഗ്രതാനിര്‍ദേശം നിലവിലുണ്ട്. ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്.

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്‍റെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണ സാധ്യത തിരിച്ചറിയാന്‍ ഇന്‍റലിജന്‍സിന് കഴിഞ്ഞില്ല എന്നാണ് വ്യാപക വിമര്‍ശനം ഉയരുന്നത്. പൊലീസ് വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നെങ്കില്‍ ആലപ്പുഴ നഗരമധ്യത്തില്‍ ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണമെങ്കിലും തടയാന്‍ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക