വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആഘ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിലെത്തി. ഗംഗാസ്നാനത്തിനുശേഷം പുണ്യജലവുമായാണ് മോദി ക്ഷേത്രത്തിലെത്തിയത്. രാവിലെ വാരാണസിയിൽ എത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദർശനം നടത്തി.

ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിർക്കിയ ഘാട്ടിൽ എത്തിയ മോദി, ഡബിൾഡക്കർ ബോട്ടിൽ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയിൽ പുണ്യസ്നാനം ചെയ്തു. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉത്സവതുല്യമായ ആഘോഷത്തിനാണു വാരാണസി സാക്ഷ്യം വഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. ഉദ്ഘാടന ചടങ്ങ് 3 മണിക്കൂർ നീളും. തുടർന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടനച്ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാർച്ചിൽ ശിലയിട്ട പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. അടുത്ത വർഷം യുപി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിക്കു വേഗമേറിയത്.

50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റർ നടന്നാൽ ക്ഷേത്രത്തിലെത്താം.

ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം. വാരാണസിയുടെ മുഖഛായ മാറ്റുന്ന ഈ പദ്ധതിക്ക് 2019 മാർച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്പെഷൽ ഡവലപ്മെന്റ് ബോർഡ് രൂപവൽക്കരിച്ചു. 800 മുതൽ 1000 കോടി രൂപവരെയാണ് ചെലവു കണക്കാക്കുന്നത്. ഡൽഹിയിലെ‍ സെൻട്രൽ വിസ്റ്റ രൂപകൽപന ചെയ്ത ഗുജറാത്തിലെ ബിമൽ പട്ടേലിന്റെ എച്ച്സിപി ഡിസൈൻ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകൽപന.

ഒരു മന്ദിർ ചൗക്ക്(കരകൗശല വസ്തുവിൽപനകേന്ദ്രങ്ങൾ, പ്രദർശന ഹാൾ, ക്ഷേത്ര ട്രസ്റ്റ് ഓഫിസ് എന്നിവ), സിറ്റി മ്യൂസിയം, കാശിയുടെ പുരാണം പറയുന്ന വാരാണസി വെർച്വൽ ഗ്യാലറി, ഓഡിറ്റോറിയം, ഭക്തജനങ്ങൾക്കും പുരോഹിതർക്കും വിശ്രമകേന്ദ്രങ്ങൾ, മോക്ഷം തേടിയെത്തുന്ന മുതിർന്നവർക്കായി മോക്ഷഭവനം, ഭക്തർക്കു വേണ്ട പൊതുസൗകര്യങ്ങൾ ഫുഡ്കോർട്ട്, ആധ്യാത്മിക ഗ്രന്ഥങ്ങളുള്ള ലൈബ്രറി, ടൂറിസ്റ്റ് സെന്റർ, ഗോദൗലിയ കവാടം എന്നിവയാണ് നിർമിക്കുന്നത്. ജോലികൾ 70 ശതമാനത്തോളം തീർന്നു കഴിഞ്ഞു, ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഗംഗ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക