ലൗ ജിഹാദ് ആരോപണവും, സംഘടിത മത പരിവര്‍ത്തന ആക്ഷേപവും വീണ്ടും ഉയര്‍ത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയാണ് ന്യൂന പക്ഷ സമുദായങ്ങള്‍ക്കെതിരെ പുതിയ നിലപാടുമായി വെള്ളാപ്പള്ളി രംഗത്ത് എത്തിയത്. സംസ്ഥാനത്ത് 33 ശതമാനം ജനസംഖ്യ ഉണ്ടായിരുന്ന ഈഴവ സമുദായം 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം. എസ്‌എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.

മുസ്ലീം ലിഗിനെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്ത് പറഞ്ഞായിരുന്നു എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വിമര്‍ശനം ഉന്നയിച്ചത്. ചിലര്‍ ന്യൂനപക്ഷമെന്ന പേരില്‍ എല്ലാം കവര്‍ന്നെടുക്കുകയാണ്. മതേതരത്വം പറയുന്നവരാണ് മുസ്‌ലിംലീഗും കേരള കോണ്‍ഗ്രസുമെല്ലാം എന്നാല്‍, ഇവരില്‍ ഉള്ളവര്‍ ആരൊക്കെയെന്ന് ചിന്തിക്കണം. മതാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണ് മതനിരപേക്ഷത പറയുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി അടവുനയം പയറ്റുന്നവരാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന ജന സംഖ്യയില്‍ ഈൗഴവ സമുദായം 33 ശതമാനം ഉണ്ടായിരുന്നു. ഇന്നത് 28 ശതമാനമായി കുറഞ്ഞു. ഇതിന് പ്രധാന കാരണം മതപരിവര്‍ത്തനവും ലൗ ജിഹാദുമാണ്. പല സ്ഥലങ്ങളിലും സംഘടിതമായി തന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ജാതി എന്നത് സത്യമാണ്. ജാതി പറയുന്നത് സാമൂഹികനീതി ലഭിക്കാന്‍ വേണ്ടിയാണ് മനസ്സിലാക്കണം. ഈഴവര്‍ ജാതി പറയുന്നത് മാത്രമാണ് കുഴപ്പമന്നെും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും വെള്ളാപ്പള്ളി രംഗത്തെത്തി. എല്ലാ കാര്യങ്ങളും സസൂക്ഷ്മം പഠിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് പ്രതികരിച്ച വെള്ളാപ്പള്ളി അത് പുറത്ത് പ്രകടിപ്പിക്കുന്നത് അപൂര്‍വമായാണെന്നും ചൂണ്ടിക്കാട്ടി. 6000 രൂപയില്‍ നിന്ന് എസ്.എന്‍.ഡി.പി യോഗം ഇന്ന് വലിയ സാമ്ബത്തിക ശക്തിയായി മാറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം. മുഖ്യമന്ത്രിയുടെ വാക്കുകള്‍ എസ്‌എന്‍ഡിപി യോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള താക്കീതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

എസ്‌എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്‍ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ എസ്‌എന്‍ഡിപി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദന്‍ അധ്യക്ഷനായി. യോഗം പ്രസിഡന്റ് എംഎന്‍. സോമന്‍ ് ഐജി പ്രസന്നന്‍, യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്‍, ബേബിറാം, വനിതസംഘം കേന്ദ്രസമിതി സെക്രട്ടറി സംഘാത വിശ്വനാഥ് യോഗം ഡയറക്ടര്‍ എന്‍വി രഞ്ജിത്ത് വൈസ് പ്രസിഡന്റ് ടിആര്‍ രഞ്ജു എന്നിവരും സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക